ബ്രിസ്ബെയ്ൻ: ടോയ്‌ലറ്റിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടതിന്റെ നടുക്കത്തിലാണ് ഓസ്ട്രേലിയയിലെ കുടുംബം. അപ്രതീക്ഷിതമായി പെരുമ്പാമ്പിനെ കണ്ടതിന്റെ ഞെട്ടൽ കുടുംബത്തിലാർക്കും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം ബ്രിസ്ബെയ്ൻ സ്നേക്ക് ക്യാച്ചേഴ്സിന്റെ സ്റ്റിവർട്ട് ലാലർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ടോയ്‌ലെറ്റിനുള്ളിലെ പാമ്പിന്റെ ചിത്രവും അവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗ്ലൗസ് ഉപയോഗിച്ചാണ് പാമ്പിനെ പിടികൂടിയതെന്ന് ലാലർ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. ”ക്വീൻസ്‌ലാൻഡിൽ പെരുമ്പാമ്പുകൾ സർവ്വ സാധാരണമാണ്. പക്ഷേ ടോയ്‌ലെറ്റിൽ വളരെ വിരളമായിട്ടാണ് പെരുമ്പാമ്പിനെ കണ്ടിട്ടുള്ളത്. ഒരു വർഷത്തിൽ ഇത്തരത്തിലുള്ള രണ്ടു മൂന്നു സംഭവങ്ങളേ ഉണ്ടാകാറുള്ളൂ” ലാലർ പറഞ്ഞു.
അതേസമയം, ബ്രിസ്ബെയ്ൻ സ്നേക്ക് ക്യാച്ചേഴ്സിന്റെ ഫെയ്സ്ബുക്ക് കണ്ട് പേടിച്ചുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.