മുംബൈ: വിമാനയാത്രയ്ക്കിടെ വിമാനക്കമ്പനി ജീവനക്കാർ പരുഷമായി സംസാരിച്ച് അപമാനിച്ചതായി ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിന്റെ പരാതി. ട്വിറ്ററിലാണ് താൻ നേരിട്ട ദുരനുഭവം താരം പങ്കുവച്ചത്. ഇൻഡിഗോ 6 ഇ 608 വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് വിമാനക്കമ്പനി ജീവനക്കാർ അപമാനിച്ചതായി താരം ട്വീറ്റ് ചെയ്തത്.

ഗ്രൗണ്ട് സ്റ്റാഫ് അജിതേഷ് എന്നയാളാണ് പരുഷമായി സംസാരിച്ചതായി താരം പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്തിലെ എയർ ഹോസ്റ്റസ് അഷിമ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അജിതേഷ് ഇത് അനുസരിക്കാൻ തയ്യാറായില്ലെന്നാണ് ട്വീറ്റിൽ പറയുന്നത്.

അതേസമയം, ഇത് സംബന്ധിച്ച് വിമാനക്കമ്പനി അധികൃതർ പി.വി.സിന്ധുവിനോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിന് ശേഷം എഎൻഐക്ക് നൽകിയ വിശദീകരണ കുറിപ്പിൽ വിമാനക്കമ്പനി ജീവനക്കാരൻ അപമര്യാദയായി പെരുമാറിയെന്ന പരാതി ഇൻഡിഗോ എയർലൈൻസ് തള്ളി. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രാമദ്ധ്യേയുണ്ടായ ദുരനുഭവത്തിൽ സിന്ധു വലിയ ബാഗേജുമായി വന്നതാണ് പ്രശ്നം സൃഷ്ടിച്ചതെന്നും വിമാനക്കമ്പനി വ്യക്തമാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

പിവി സിന്ധുവിന്റെ പരാതിയെ പൂർണ്ണമായും തള്ളിയ വിമാനക്കമ്പനി, “ജീവനക്കാരൻ പിവി സിന്ധുവിനെതിരെ ഒരു വാക്ക് പോലും സംസാരിച്ചില്ല” എന്നാണ് എഎൻഐക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞത്.

സംഭവത്തെ കുറിച്ച് ഇൻഡിഗോ പറഞ്ഞത് ഇങ്ങിനെ, “വിമാനത്തിലെ ബാഗേജ് അറയിൽ ഉൾക്കൊള്ളാത്ത വലിയ ബാഗുമായാണ് സിന്ധു വന്നത്. ഇത് സീറ്റിന് മുകളിലെ അറയിൽ വയ്ക്കാൻ സാധിക്കുമായിരുന്നില്ല. ഈ ബാഗ് കാർഗോയുടെ കൂട്ടത്തിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരൻ ആവശ്യപ്പെട്ടത്. ഇത് എല്ലാ യാത്രക്കാരോടും സ്വീകരിക്കുന്ന പൊതുവായ ചട്ടമാണ്”, വിമാനക്കമ്പനി വിശദീകരിച്ചു.

“സിന്ധുവിന്റെ മാനേജരോട് പല തവണ ആവശ്യപ്പെട്ടതിന് ശേഷമാണ് ബാഗേജ് മാറ്റാൻ സമ്മതിച്ചത്. ഈ സമയത്തൊന്നും അജീതേഷ് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. കാർഗോയിലേക്ക് മാറ്റിയ ബാഗേജ് പിന്നീട് വിമാനം ഹൈദരാബാദിലെത്തിയ ശേഷം സിന്ധുവിന് നൽകി.” വിമാനക്കമ്പനിയുടെ വിശദീകരണമായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook