കീവ്: യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം. യുക്രൈന് സൈനികര്‍ തമ്പടിച്ചിരിക്കുന്ന അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള നഗരഭാഗങ്ങള്‍ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.
പ്ലാന്റ് ‘സുരക്ഷിതമായി ഉപരോധിച്ചു’ എന്നാണ് ഷോയിഗു വിശേഷിപ്പിച്ചത്. മരിയുപോള്‍ കീഴടക്കിയതിനെ റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന് ‘വിജയം’ എന്ന് വാഴ്ത്തി. മരിയുപോളില്‍ അവശേഷിക്കുന്ന യുക്രൈനിയന്‍ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്തരുതെന്ന് അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. പകരം ‘ഒരു ഈച്ച പോലും കടക്കാനാവാതെ’ ഉപരോധിക്കാനാണ് പുടിന്റെ ഉത്തരവ്.
സ്റ്റീല്‍ പ്ലാന്റ് യുക്രൈന് സൈന്യത്തില്‍നിന്നു പിടിച്ചെടുക്കാതിരുന്നാല്‍ അത് റഷ്യന്‍ സൈന്യത്തിനു മരിയുപോളില്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിക്കാനുള്ള സാഹചര്യം നഷ്ടമാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പേരാട്ടത്തിലെ ഏറ്റവും നാടകീയമായ സംഭവങ്ങള്‍ കണ്ട മരിയുപോള്‍ പിടിച്ചെടുക്കന്നതില്‍ തന്ത്രപരവും പ്രതീകാത്മകവുമായ പ്രാധാന്യമുണ്ട്.
Also Read: ജഹാംഗീർപുരിയിലെ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി
മരിയുപോളിന്റെ പതനം യുക്രൈനു സുപ്രധാന തുറമുഖം നഷ്ടപ്പെടുത്തന്നതിനൊപ്പം, റഷ്യയ്ക്കും ക്രിമിയന്‍ ഉപദ്വീപിനുമിടയില്‍ ഒരു കര പാലം പൂര്‍ത്തിയാക്കുകയും ഡോണ്‍ബാസില്‍ എവിടെ വേണമെങ്കിലും പോകാന്‍ റഷ്യന്‍ സൈനികര്‍ക്കു സുഗമമാവുകയും ചെയ്യും.
അതേസമയം, ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് യുക്രൈന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. എന്നാല്‍ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടശേഷം സിവിലിയന്മാരുമായി നാല് ബസുകള്‍ നഗരത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും നഗരത്തില്‍ അവശേഷിക്കുന്നുണ്ട്.
മാരിയുപോളില്‍ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള മറ്റൊരു ശ്രമം വ്യാഴാഴ്ച നടത്തുമെന്ന് യുക്രൈന് ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു.