ന്യൂഡൽഹി: സാധാരണ ജനങ്ങൾക്ക് വായ്പയ്ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നൽകുകയാണ് വേണ്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് പണമാണ്, വായ്പയല്ല. സർക്കാർ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുൽ ആവശ്യപ്പെട്ടു. വീഡിയോ കോൺഫറൻസിലൂടെ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

കൊറോണയുടെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുനഃപരിശോധിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് പണമാണ് ആവശ്യം. നേരിട്ടുള്ള പണക്കൈമാറ്റത്തെ കുറിച്ച് മോദിജി ചിന്തിക്കണം. തൊഴിലുറപ്പ് പദ്ധതി 200 ദിനമാക്കണം. കര്‍ഷകര്‍ക്ക് പണം നല്‍കണം. കാരണം അവര്‍ ഇന്ത്യയുടെ ഭാവിയാണെന്ന് രാഹുൽ പറഞ്ഞു.

സ്വന്തം നാടുകളിലേക്ക് കാൽനടയായി പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും വേണ്ടത് പണമാണ്, വായ്പയല്ല. ദുരിതം അനുഭവിക്കുന്ന കർഷകർക്കും വേണ്ടത് പണമാണ്, വായ്പയല്ല. ഇപ്പോഴിത് ചെയ്തില്ലെങ്കിൽ, അതൊരു മഹാ ദുരന്തമായി മാറും. ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും 7,500 രൂപ വീതമെങ്കിലും അവരുടെ അക്കൗണ്ടിൽ എത്തിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Read Also: കോവിഡ്-19: ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ തുടക്കമെന്ന് സൂചന

ലോക്ക്ഡൗൺ പിൻവലിക്കുന്നത് ജാഗ്രതയോടെ വേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ച് വേണം ഇളവുകള്‍ നല്‍കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

Read in English: Put money in hands of people, will be catastrophic if this doesn’t happen: Rahul Gandhi to Centre

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook