ന്യൂഡല്‍ഹി: ഫെയ്സ്‌ബുക്ക് ഡാറ്റ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായ് ഉപയോഗപ്പെടുത്തുന്നു എന്ന വിവാദം കത്തിനില്‍ക്കെ ഫെയ്സ്ബുക്കുമായുള്ള ബന്ധം പുനരവലോകനം ചെയ്യാന്‍ ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കഴിഞ്ഞയാഴ്ചയാണ് സാമൂഹ്യ മാധ്യമ രംഗത്തെ ആഗോള ഭീമന്മാരില്‍ നിന്നും ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ ചോരുന്നതായ വിവാദങ്ങള്‍ ആരംഭിക്കുന്നത്.

യുവ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഫെയ്സ്ബുക്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക എന്ന തീരുമാനത്തെ വരുന്ന കമ്മിഷന്‍ യോഗത്തില്‍ പുനഃപരിശോധിക്കും എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട്‌ പറഞ്ഞത്.

“വരുന്ന കമ്മിഷന്‍ യോഗത്തില്‍ നമ്മള്‍ ഈ പ്രശ്നത്തെ നാനാതലങ്ങളില്‍ നിന്ന് പരിശോധിക്കും.” വെള്ളിയാഴ്ചയോ അടുത്തയാഴ്ചയോ ആയി പ്രശ്നത്തില്‍ ചര്‍ച്ചയുണ്ടാകും എന്ന് സൂചിപ്പിച്ചുകൊണ്ട് ഒ.പി.റാവത്ത് പറഞ്ഞു.

വോട്ടര്‍മാരെ സ്വാധീനിക്കാനായി പ്രൊഫൈലുകൾ നിർമ്മിക്കുന്നതും അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതും കമ്മീഷന്‍ അന്വേഷിക്കുമോ എന്ന് ചോദിച്ചപ്പോൾ ‘നിശ്ചയമായും’ എന്നായിരുന്നു ഒ.പി.റാവത്തിന്റെ മറുപടി. “പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കാര്യമാണ്. ഇത് നമ്മളെ അലട്ടുന്ന കാര്യം തന്നെയാണ്. ഇതിൽ കമ്മിഷന്‍ ഒരു നിലപാട് എടുക്കും” അദ്ദേഹം പറഞ്ഞു.

യുവാക്കളെ തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുന്നതിനായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് കമ്മിഷനും ഫെയ്സ്ബുക്കും കുറഞ്ഞത് മൂന്ന്‍ തവണയെങ്കിലും പങ്കാളികളായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ നാലാം തീയതി വരെ രാജ്യത്തെ എല്ലാ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്കും തിരഞ്ഞെടുപ്പ് റജിസ്ട്രേഷന്‍
ഓര്‍മിപ്പിച്ചുകൊണ്ട് ഫെയ്സ്ബുക്ക് മെസേജ് അയച്ചിരുന്നു. ഇരുകക്ഷികളും സംയുക്തമായി പതിമൂന്ന് ഇന്ത്യന്‍ ഭാഷകളിലായാണ് ഈ മെസേജ് അയച്ചത്.

തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് കൂടി അറിയിച്ചുകൊണ്ട് പതിനെട്ട് വയസ് തികയുന്ന ഇന്ത്യയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ഫെയ്സ്ബുക്കും സംയുക്തമായി ചെയ്ത മറ്റൊരു ക്യാംപെയ്ന്‍. എട്ടാമത് ദേശീയ വോട്ടര്‍ ദിനത്തില്‍ വോട്ട് ചെയ്യുമെന്ന പ്രതിജ്ഞ പ്രചരിപ്പിക്കുന്നതിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫെയ്സ്ബുക്കുമായി പങ്കാളികളായി.

ഫെയ്സ്ബുക്കില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് ലോകത്തൊട്ടാകെയും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. അമേരിക്ക, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങള്‍ ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക് സ്വകാര്യത മാനദണ്ഡങ്ങൾ ലംഘിച്ചോ എന്നാണ് പരിശോധിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook