പുരുലിയ: പശ്ചിമബംഗാളിലെ ബാരാബസാറിൽ കാളി ദേവിയെ പ്രസാദിപ്പിക്കാൻ യുവാവ് അമ്മയുടെ കഴുത്തറുത്ത് കൊന്നതായി വിവരം. 35കാരനായ നാരായൺ മഹാതോയാണ് അമ്മ ഭുലി മഹാതോ (55)യെ മൃഗബലിക്ക് ഉപയോഗിക്കുന്ന ആയുധം കൊണ്ട് കഴുത്തറുത്ത് കൊന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച്ച വൈകുന്നേരം ഭംഗാരത്തുള്ള കാളീക്ഷേത്ര പരിസരം വൃത്തിയാക്കുമ്പോഴാണ് ഭുലിയെ മകൻ കൊലപ്പെടുത്തിയത്. രക്തം പറ്റിയ ആയുധവുമായി ഇയാൾ നേരെ മൂത്ത സഹോദരന്റെ വീട്ടിലേക്കാണ് പോയത്. അമ്മ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി എന്നാണ് ഇയാൾ സഹോദരനെ ധരിപ്പിച്ചത്.
സംഭവ സ്ഥലത്തെത്തിയ സഹോദരൻ അമ്മ ചോരയില്‍ കുളിച്ച് കിടക്കുന്നത് കാണുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. രാത്രിയോടെ നാരായണെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നാണ് ദൈവത്തെ പ്രീതിപ്പെടുത്താനായി താന്‍ അമ്മയുടെ തല കഴുത്തറുത്തതെന്ന് നാരായണ്‍ മൊഴി നല്‍കിയത്.
കുടുംബത്തിന്റെ ക്ഷേമത്തിനം ഐശ്വര്യത്തിനുമായി അമ്മയെ ബലി നല്‍കണമെന്ന് കാളി ദേവി സ്വപ്നത്തില് വന്ന് ആവശ്യപ്പെട്ടതായി നാരായണ്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ വീട്ടില്‍ തന്നെ ഒരു കാളി ക്ഷേത്രം നിര്‍മ്മിച്ചതായും ദുര്‍മന്ത്രവാദം നടത്താറുള്ളതായും നാട്ടുകാര്‍ പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.