ന്യൂഡല്‍ഹി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മതപരിവര്‍ത്തനമാകരുതെന്നു സുപ്രീം കോടതി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശ്യമാണു പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു.
”ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം മതപരിവര്‍ത്തനമാകരുത്. എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനത്തെയും നല്ല പ്രവൃത്തിയെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പരിഗണിക്കേണ്ടത് ഉദ്ദേശ്യമാണ്,”ജസ്റ്റിസുമാരായ എം ആര്‍ ഷായും സി ടി രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ഭീഷണിപ്പെടുത്തിയും വഞ്ചനയിലൂടെയും പാരിതോഷികങ്ങളിലൂടെയും സാമ്പത്തിക ആനുകൂല്യങ്ങളിലൂടെയും വഞ്ചിച്ചുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇത്തരം മാര്‍ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം സംബന്ധിച്ച് സംസ്ഥാനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിഷയത്തില്‍ വിശദമായ വിവരങ്ങള്‍ നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമയം തേടി.
”ഞങ്ങള്‍ സംസ്ഥാനങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഒരാഴ്ച സമയം തരൂ,” തുഷാര്‍ മേത്ത കോടതിയോട് പറഞ്ഞു. വിശ്വാസത്തിലെ എന്തെങ്കിലും മാറ്റം മൂലമാണോ ഒരാള്‍ മതം മാറുന്നതെന്നു നിയമപരമായി ഭരണകൂടം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗൗരവമുള്ള വിഷയമാണെന്നു സുപ്രീം കോടതി അംഗീകരിച്ചു.