പുരി: വിഖ്യാതമായ പുരി രഥയാത്രയുടെ ഭാഗമായുള്ള ആചാരങ്ങൾ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങളോടെയാണ് രഥയാത്ര നടക്കുന്നത്. ഭക്തരെ അനുവദിക്കാതെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നിയന്ത്രണങ്ങളോടെ രഥയാത്ര നടത്താൻ സുപ്രീം കോടതി ഇന്നലെ അനുമതി നൽകിയിരുന്നു.

Read Also: കണ്ണ് തുറക്കുന്നു, കരയുന്നു; അച്ഛൻ കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

അതേസമയം, രഥയാത്ര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ജഗനാഥ ക്ഷേത്രത്തിലെ സേവകനു കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്‌ക്ക് കാരണമായി. ക്ഷേത്ര സേവകരുടെ കോവിഡ് പരിശോധ നടത്തിയ ശേഷം മാത്രമായിരിക്കണം രഥോത്സവം ആരംഭിക്കേണ്ടതെന്ന് സുപ്രീം കോടതി നിർദേശമുണ്ടായിരുന്നു. ഇതനുസരിച്ച് 1,143 ക്ഷേത്രസേവകരുടെ കോവിഡ് പരിശോധന നടത്തിയത് ഇന്നലെയാണ്. ഇന്നു രാവിലെയോടെ പരിശോധന ഫലം പുറത്തുവന്നു. ഒരാൾ ഒഴികെ മറ്റെല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ജില്ലാ ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയ സേവകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് രഥയാത്ര ആരംഭിച്ചത്.

കോവിഡ് പോസിറ്റീവായ വ്യക്തി മറ്റുള്ള ക്ഷേത്രജീവനക്കാരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമല്ല. പുലർച്ചെ മൂന്നോടു കൂടിയാണ് ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ ആരംഭിച്ചത്. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ രഥയാത്ര ആരംഭിക്കും. മൂന്ന് രഥങ്ങളാണ് പുറത്തേക്ക് എഴുന്നള്ളിക്കുക. ഒരു രഥം ചുമക്കാൻ പരമാവധി ആളുകളുടെ എണ്ണം 500 ൽ കുറവായിരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചായിരിക്കണം രഥയാത്രയെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഗ്രാൻ റോഡിലൂടെ മൂന്ന് കിലോമീറ്റർ ആയിരിക്കും രഥയാത്ര. മൂന്ന് രഥങ്ങളും ചുമക്കാൻ 1,500 ൽ താഴെ ആളുകൾ വേണം. കൂടാതെ മറ്റ് ക്ഷേത്ര സേവകൻമാരും പൂജാരികളും ചടങ്ങിൽ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook