ചണ്ഡിഗഢ്: പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മ്മയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു. വെളളിയാഴ്ച്ച രാത്രി മൊഹാലിയില്‍ വെച്ചാണ് സംഭവം. തുടയ്ക്ക് വെടിയേറ്റ പര്‍മീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഗൂണ്ടാ നേതാവായ ദില്‍പ്രീത് സിംഗ് ദഹാന്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.
തന്റെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് അദ്ദേഹം നാടകീയമായ കുറിപ്പിലൂടെ കുറ്റമേറ്റ് രംഗത്തെത്തിയത്. കൈയില്‍ ഒരു തോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുത്തത്. കൊലപാതകം, കൊലപാതകശ്രമം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് ദില്‍പ്രീത്. സംഭവത്തില്‍ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും മൊഹാലി എസ്എസ്പി കുല്‍ദീപ് സിംഗ് ചാഹല്‍ പറഞ്ഞു. സംഭവത്തില്‍ ദില്‍പ്രീതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടികിട്ടാപ്പുളളിയായ ഇയാള്‍ എവിടെ നിന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അപ്ലോഡ് ചെയ്തതെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കേസിന്റെ അന്വേഷണഗതി തിരിച്ചുവിടാനുളള ശ്രമമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗാല്‍ നി കഡ്നി എന്ന ഒറ്റ ഗാനത്തിലൂടെ ഒറ്റ രാത്രി കൊണ്ട് ശ്രദ്ധേയനായ ഗായകനാണ് പര്‍മിഷ്.