ന്യൂഡല്‍ഹി:പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയായ ചണ്ഡിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നാരാപിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് ശേഷം സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ത്ഥിനി സ്വന്തം വീഡിയോകള്‍ മാത്രമാണ് സുഹൃത്തുമായി പങ്കുവെച്ചതെന്നും മൊഹാലി എസ്എസ്പി വിവേക് ഷീല് സോണി പറഞ്ഞു.
പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് മറ്റ് പെണ്‍കുട്ടികളുടെ വീഡിയോ കണ്ടെത്തിയിട്ടില്ലെന്നും. പ്രതിഷേധത്തിനിടെ ഒരു വിദ്യാര്‍ത്ഥിയും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍ ചില പെണ്‍കുട്ടികള്‍ ബോധരഹിതയായതിനാല്‍ വൈദ്യസഹായം നല്‍കിയെന്നും മൊഹാലി ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് തല്‍വാര്‍ വ്യക്തമാക്കി.
‘ഞങ്ങള്‍ക്ക് മറ്റ് പെണ്‍കുട്ടികളുടെ ഒരു വീഡിയോയും ലഭിച്ചിട്ടില്ലെന്നും ഞങ്ങള്‍ ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നില്ലെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു, ഞങ്ങള്‍ ഡിവൈസകള് കണ്ടുകെട്ടി. ഒരു വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സീനിയര്‍ പോലീസ് സൂപ്രണ്ട് സോണി പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥിനി മറ്റ് വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വീഡിയോകള്‍ ചോര്‍ത്തിയെന്നാരോപിച്ച് ശനിയാഴ്ച വൈകി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിതിഷേധത്തിനിടെ ചില പെണ്‍കുട്ടികള്‍ കുഴഞ്ഞുവീണിരുന്നു. ദൃശ്യങ്ങള്‍ സുഹൃത്തിന് അയച്ചതായി അറസ്റ്റിലായ വിദ്യാര്‍ഥിനി സമ്മതിച്ചതായും മറ്റ് പെണ്‍കുട്ടികളുടെ ചിത്രങ്ങളും അയച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മൊഹാലി എസ്എസ്പി വിവേക് ഷീല് സോണി ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.