/indian-express-malayalam/media/media_files/uploads/2023/06/Raakhi-Jagga-opinion-.jpg)
പഞ്ചാബിലെ കർഷകർ
ലുധിയാനയിലെ 300 ചതുരശ്ര അടിയുളള വീടിന്റെ ഇലചാര്‍ത്ത് വീണുകിടക്കുന്ന വരാന്തയിലിരുന്നുളള ചായ കുടി എഴുപത്തിയാറുകാരൻ സാധു സിങ്ങിനും അറുപത്തിയെട്ടുകാരി മഞ്ജിത് കൗറിനും ഇന്ന് ഭൂതകാലത്തിലെ ഓർമ്മ മാത്രമാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് കാനഡയിൽ സ്ഥിരതാമസക്കാരായി മാറിയ രണ്ടാൺമക്കളോടൊപ്പമാണ് അവരിപ്പോൾ. നാട്ടിലെ പാരമ്പര്യസ്വത്തായ ഭൂമി വിറ്റ് കാനഡയിൽ സ്ഥരിതാമസത്തിനൊരുങ്ങുകയാണ് ഈ ദമ്പതികൾ.
നാട്ടിലെ ബിസിനസിനും കൃഷിക്കും വിദേശത്ത് താമസിക്കുന്ന മക്കൾക്കുമായി തങ്ങളുടെ സമയം വീതം വെക്കുകയായിരുന്നു മുമ്പൊക്കെ ഭൂവുടമകൾ ചെയ്തിരുന്നത്. എന്നാലിപ്പോൾ പഞ്ചാബിലെ വൃദ്ധരായ കർഷകർ വിദേശത്ത് സ്ഥിരതാമാസക്കാരായ മക്കൾക്കൊപ്പം കഴിയാനായി തങ്ങളുടെ വിശാലമായ കൃഷി ഭൂമി വിറ്റ് കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും താമസം മാറ്റുകയാണ്. സ്വന്തം നിലത്തിനോട് വൈകാരികബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഒരു തലമുറയിലെ ആളുകളെന്ന നിലയ്ക്ക് ഈ മാറ്റം ശ്രദ്ധേയമാണ്. ഇക്കൂട്ടത്തിൽ ഇപ്പോഴും വിദേശത്തും നാട്ടിലുമായി മാറിമാറിക്കഴിയുന്നവരുമുണ്ട്.
ലുധിയാനയിലെ പഞ്ചാബ് മാതാ നഗറിൽ താമസിക്കുന്ന സാധു പറയുന്നു: “ഞാനും ഭാര്യയും 2016ൽ കാനഡയിൽ സ്ഥിര താമസത്തിനുളള പെർമിറ്റ് നേടിയെങ്കിലും ഇന്ത്യയിലും കാനഡയിലുമായാണ് താമസിച്ചിരുന്നത്. ഞങ്ങൾ കാനഡയിലായിരുന്നപ്പോൾ വീട്ടിൽ കള്ളന്മാർ കയറി. അങ്ങനെയാണ് നാട്ടിലെ വീട് വിറ്റ് കാനഡയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചത്. ഞങ്ങളുടെ മക്കൾക്കും കുടുംബത്തിനും ഇന്ത്യയിലേക്ക് മടങ്ങാനൊരു ഉദ്ദേശവുമില്ല. അങ്ങനെ രണ്ടുമാസത്തിനുളളിൽ ഞങ്ങൾ കാനഡയിലേക്ക് സ്ഥിരമായി മാറാൻ തീരുമാനിച്ചു. നാട്ടിൽ ഒറ്റയ്ക്കാവുമ്പോൾ മക്കൾക്ക് ഞങ്ങളെ കുറിച്ചാലോചിച്ച് വിഷമമാണ്. അടുത്തതവണ നാട്ടിലേക്കു വരുമ്പോൾ ഞങ്ങളൊരു മാസത്തേക്ക് വീട് വാടകയ്ക്കെടുക്കാനാണ് തീരുമാനം.”
സാധുവിനെയും മഞ്ജിത്തിനെയും പോലെ നിരവധിയാളുകളുണ്ട്. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന 66കാരനായ ബാഗ് സിങ്ങ് പറയുന്നു: “എന്റെ മൂന്ന് കസിൻസ്- ദിൽബാഗ് സിങ്, ജൈജ സിങ്, കമൽജീത് സിങ്- എന്നിവർ ജനുവരിയിൽ ഇന്ത്യയിൽ വന്നത് അവരുടെ കുടുംബസ്വത്തായ 14 ഏക്കർ ഭൂമി വിൽക്കാനാണ്. അവരുടെ അച്ഛൻ 1960കളിൽ തന്നെ ഇംഗ്ലണ്ടിൽ താമസമാക്കിയ ആളാണ്. പിന്നീട് രണ്ടു മക്കൾക്കൊപ്പം അവരുടെ അമ്മയും ഇംഗ്ലണ്ടിലേക്കു പോയി. കമൽജീത് ജനിച്ചത് ഇംഗ്ലണ്ടിലാണ്.”
/indian-express-malayalam/media/media_files/uploads/2023/06/punjab-farmer.jpg)
"ഇവിടെയുളള അവരുടെ ഭൂമി നോക്കിനടത്തിയിരുന്നത് അവരുടെ പിതൃസഹോദരിയാണ്. ഇപ്പോൾ അവരും അവരുടെ അച്ഛനുമെല്ലാം മരിച്ചു. ദിൽബാഗും ജൈജയും എഴുപതിലേക്കെത്താറായി. അവരുടെ മക്കളെല്ലാം ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു. അവർക്കാർക്കും നാട്ടിലെ ഈ പാരമ്പര്യ ഭൂമിയിലോ കൃഷിയിലോ താൽപ്പര്യമില്ല. പഞ്ചാബിലെ മിക്ക കുടുംബങ്ങളുടെയും കഥ ഇതൊക്കെത്തന്നെ." ബർണാലയിലെ ചനൻവാൾ ഗ്രാമത്തിൽ താമസിക്കുന്ന ബാഗ് കൂട്ടിച്ചേർത്തു.
കൃത്യമായ കണക്ക് തങ്ങളുടെ കയ്യിലില്ലെങ്കിലും പഞ്ചാബിലെ തങ്ങളുടെ ഭൂമി വിൽക്കുന്ന പ്രവാസികളുടെ എണ്ണം വർഷം തോറും കൂടിവരിക തന്നെയാണെ ന്ന് പട്‌വാരിയും ലുധിയാന റവന്യൂ & പട്‌വാരി യൂണിയൻ പ്രസിഡന്റുമായ വരീന്ദർ ശർമ്മ പറഞ്ഞു.
“റവന്യൂ ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോൾ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ഡിപാർട്ട്മെന്റിലെത്തുന്ന ധാരാളം പ്രവാസികളെ കണ്ടിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും പ്രായമായവരും മക്കൾക്ക് തിരികെ ഇന്ത്യയിലേക്കു വരാൻ താൽപ്പര്യമില്ലാത്തവരുമാണ്. കാനഡയിൽ ജോലി ചെയ്യുന്ന എന്റെ മകനും തിരിച്ചുവരാൻ താൽപ്പര്യമില്ല. ഞാനും ഇപ്പോൾ എന്റെ വസ്തു വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.” ലുധിയാന റവന്യൂ വകുപ്പിൽനിന്ന് രണ്ടുവർഷം മുമ്പ് വിരമിച്ച സതീഷ് കുമാർ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
“എന്റെ അനന്തിരവൻ യുഎസ്സിൽ സ്ഥിരതാമസക്കാരനാണ്. കഴിഞ്ഞ തവണ അവൻ പഞ്ചാബിൽ വന്നപ്പോൾ കുടുംബസ്വത്തിൽ നിന്ന് നാലേക്കറോളം ഭൂമി വിറ്റു. ബർണാലയിൽ താമസിക്കുന്ന എന്റെ അമ്മാവനും അദ്ദേഹം താമസിക്കുന്ന സ്ഥലം വിറ്റ് യുഎസ്സിലേക്ക് പോയി. പുതിയ തലമുറ ഇന്ത്യയിലേക്കു മടങ്ങാൻ താൽപ്പര്യമില്ലാത്തവരാണ്. പല പ്രവാസികളും ഭൂമി വിൽപ്പനയിൽ തട്ടിപ്പിനിരയായിട്ടുണ്ട് മുമ്പൊക്കെ. അതുകൊണ്ടുതന്നെ അവർ ജീവിക്കുന്ന നാട്ടിൽ പണം നിക്ഷേപിക്കാനാണ് അവർക്കു താൽപ്പര്യം.” ബർണാലയിൽ നിന്നുളള എഴുപതുകാരനായ കർഷകൻ ഹരിചരൺ സിങ് ചന്ന പറയുന്നു.
മൻസ ജില്ലയിലെ ഒരു ഗ്രാമത്തിൽ വളം, കീടനാശിനി വ്യാപാരം നടത്തിയിരുന്ന ഒരു കർഷക ദമ്പതികൾ മുപ്പതേക്കറുളള അവരുടെ ഭൂമിയിൽ 25 ഏക്കറോളം വിറ്റ് മെയ് 15ന് കാനഡയിലേക്കു പോയി. ബാക്കിയുളള സ്ഥലം പാട്ടത്തിന് കൊടുത്ത് വീട് പൂട്ടിയിട്ടാണ് പോയതെന്ന് അവരുടെ അടുത്ത സുഹൃത്ത് പറഞ്ഞു. ദമ്പതികളുടെ മക്കൾ പത്തുവർഷം മുമ്പേ കാനഡയിൽ സ്ഥിരതാമസമാക്കിയവരാണ്.
/indian-express-malayalam/media/media_files/uploads/2023/06/chart.jpg)
തന്റെ നിയോജക മണ്ഡലത്തിലെ ഗ്രാമങ്ങൾ സന്ദർശിക്കവേ ഇത്തരം ഒട്ടേറെ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ലുധിയാനയിലെ ധാക്ക നിയോജക മണ്ഡലത്തിൽ നിന്നുളള അകാലിദൾ എംഎൽഎ മൻപ്രീത് സിങ്ങ് അയാലി പറഞ്ഞു. മക്കൾ വിദേശത്ത് സ്ഥിരതാമസമാക്കിയ മാതാപിതാക്കൾ തങ്ങളുടെ പാരമ്പര്യസ്വത്ത് വിറ്റ് ഇന്ത്യയുമായുളള ബന്ധം പൂർണമായും അവസാനിപ്പിക്കു കയാണ്. മുമ്പൊക്കെ വിദേശത്തു പോയിരുന്ന ആളുകൾ അവരുടെ സമ്പാദ്യം കൊണ്ട് നാട്ടിൽ കൂടുതൽ ഭൂമി വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. ആ രീതി മാറുകയാണെന്ന് അയാലി വിശദീകരിച്ചു.
“നല്ലനിലയിൽ കഴിയുന്ന പലയാളുകളും മക്കളുടെ ഒപ്പം നിൽക്കാനായി ഭൂമിയുടെ ഒരു ഭാഗം വിൽക്കുകയോ മുഴുവൻ വസ്തു വിൽക്കുകയോ ചെയ്യുകയാണ്. ഇവരുടെ മക്കൾക്ക് ഇന്ത്യയിലേക്കു തിരിച്ചുവരാൻ താൽപ്പര്യമില്ല. ഇവിടെയുളള ഭൂമി വിറ്റ് കാനഡയിലും ഓസ്ട്രേലിയയിലും വസ്തുവാങ്ങുകയാണ് ചെയ്യുന്നത്.” മൻസയിൽ നിന്നുളള അഭിഭാഷകനായ ഗുർലാഭ് സിങ് പറഞ്ഞു.
2021 മാർച്ച് 25ന് പാർലമെന്റിലെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ നൽകിയ മറുപടി അനുസരിച്ച് 2016 ജനുവരി ഒന്ന് മുതൽ 2021 മാർച്ച് 18 വരെയുളള കാലയളവിൽ ഇന്ത്യ വിട്ടത് 1.37 കോടി ഇന്ത്യാക്കാരാണ്. അതേ കാലയളവിൽത്തന്നെ പഞ്ചാബിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോയത് 4.68 ലക്ഷം പേരാണ്. 2.62 ലക്ഷം പേർ സ്റ്റുഡന്റ് വിസകളിൽ രാജ്യം വിട്ടു. ഇതേസമയത്തു തന്നെ ചണ്ഡിഗഡിൽ നിന്നും ജോലി തേടി വിദേശരാജ്യങ്ങളിലേക്കു പോയവർ 1.26 ലക്ഷമാണ്.
“ഇതിൽ പല വസ്തുതകൾ പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്കു പുറത്തു വളർന്ന തലമുറയുടെ നാടിനോടുളള വൈകാരികതയില്ലായ്മ ഒരു വശത്തുണ്ടെങ്കിലും ഭൂമി കയ്യേറ്റം പ്രവാസികൾ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ഏതെങ്കിലും തരത്തിലുളള കയ്യേറ്റം തെളിയിക്കാൻ വർഷങ്ങൾ നീണ്ട നിയമനടപടികൾ സ്വീകരിക്കേണ്ടതായി വരും. തീർത്തും ഉൾനാടൻ പ്രദേശങ്ങളിൽ ഭൂമിവിലയിൽ വലിയ മാറ്റം വന്നിട്ടില്ലെങ്കിലും വികസനസാധ്യതയുളള പട്ടണപ്രാന്തങ്ങളിൽ ഭൂമിവില ഉയരുകയാണ്. ഇത് ഭൂമി കയ്യേറ്റത്തിനൊരു വലിയ കാരണമാകുന്നു - പല കേസുകളിലും ബന്ധുക്കൾ തന്നെയാണ് വില്ലന്മാർ. ഏതെങ്കിലും തരത്തിലുളള കയ്യേറ്റമെന്നാൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് താൽപ്പര്യമില്ലായ്മ എന്നു കൂടി അർത്ഥമുണ്ട്.” പഞ്ചാബിലെ പ്രവാസികൾ തങ്ങളുടെ ഭൂമി വിൽക്കുന്നതിനെ കുറിച്ച് സംസാരിക്കവെ ഭട്ടിൻഡ ഡപ്യൂട്ടി കമ്മീഷണർ (അഡ്മിനിട്രേറ്റീവ്) ഷൗക്കത്ത് അഹമ്മദ് പരായി പറഞ്ഞു.
കാനഡയിൽ 30 വർഷം മുമ്പ് താമസമാക്കിയ ധനികനായ ഒരു ഭൂവുടമ പറഞ്ഞത് കാനഡയിൽ ജനിച്ച മക്കൾക്ക് ഇന്ത്യയിലേക്കു മടങ്ങാനൊരു താൽപ്പര്യവുമില്ലാത്തതിനാൽ ലുധിയാന ജില്ലയിലെ ജാഗ്രോൺ നിയോജക മണ്ഡലത്തിലുളള തന്റെ പാരമ്പര്യ സ്വത്തായ 60 ഏക്കർ ഭൂമി വിൽക്കാനുള്ള നടപടികളിലാണെന്നാണ്.
തന്റെ രണ്ടാൺ മക്കളും ഓസ്ട്രേലിയയിലാണെന്ന് എഴുപതുകാരനായ ചന്ന പറഞ്ഞു. “എന്റെ മൂത്ത മകൻ 15 വർഷം മുമ്പ് സ്റ്റുഡന്റ് വിസയിലാണ് ഓസ്ട്രേലിയയിലേക്കു പോയത്. ഇന്നവൻ അവിടെ സ്ഥിരതാമസക്കാരനായി. രണ്ടാമത്തയാളുടെ അപേക്ഷയിലുളള നടപടികൾ നടന്നുകൊണ്ടിരിക്കുന്നു. ഞാനും ഭാര്യയും എന്റെ 93 കാരിയായ അമ്മയെ നോക്കാനായി ഊഴമിട്ട് ഇന്ത്യയിലേക്കു വന്നുകൊണ്ടിരിക്കുന്നു. മൂത്തയാൾക്ക് ഇന്ത്യയിലേക്കു മടങ്ങാൻ ഉദ്ദേശമില്ല. രണ്ടാമത്തവൻ തീരുമാനിച്ചിട്ടില്ല. ഇനി അവനും ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ ഞാനും എന്റെ ഭൂമി വിൽക്കുന്നതിനെ കുറിച്ചാലോചിക്കും.”
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.