പഞ്ചാബിൽ ചരൺജിത് സിംഗ് ചന്നി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞായറാഴ്ച വൈകിട്ടോടെയാണ് രാഹുലിന്റെ പ്രഖ്യാപനം. ലുധിയാനയിൽ നടന്ന വെർച്വൽ റാലിയിലാണ് തീരുമാനം.
പ്രഖ്യാപനത്തിന് മുന്നോടിയായി, പാർട്ടിയുടെ തീരുമാനം എല്ലാവരും അനുസരിക്കുമെന്ന് പിസിസി ചീഫ് നവ്ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
തീരുമാനം തന്റേതല്ലെന്നും ഗരീബ് ഘർക മുഖ്യമന്ത്രിയെ (പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള മുഖ്യമന്ത്രി) ആഗ്രഹിക്കുന്ന പഞ്ചാബിലെ ജനങ്ങളുടെതാണെന്നും പ്രഖ്യാപനം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചന്നി, സിദ്ധു, ജാഖർ എന്നിവരുമായി ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ്, സിപിഐ, സിപിഐ (എം), ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി, ജെഡി (എസ്) എന്നീ ആറ് ബിജെപി ഇതര പാർട്ടികൾ ചേർന്ന് ശനിയാഴ്ച മണിപ്പൂർ പ്രോഗ്രസീവ് സെക്കുലർ അലയൻസ് (എംപിഎസ്എ) എന്ന പേരിൽ സഖ്യം രൂപീകരിച്ചു. മണിപ്പൂരിൽ അധികാരത്തിലെത്തിയാൽ 18 ഇന അജണ്ട നടപ്പാക്കുമെന്ന് എംപിഎസ്എ നേതാക്കൾ പറഞ്ഞു.
അതേസമയം, യുപിയിൽ ഭരണ വിരുദ്ധ വികാരം കാരണം എസ്പി-ആർഎൽഡി സഖ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 403 നിയമസഭാ സീറ്റുകളിൽ 400 എണ്ണം നേടുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ശനിയാഴ്ച പറഞ്ഞു. ഹത്രാസ് ബലാത്സംഗക്കേസിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇരയ്ക്ക് ശരിയായ ചികിത്സയോ മരണശേഷം മാന്യമായ ശവസംസ്കാരമോ ലഭിച്ചില്ലെന്ന് യാദവ് പറഞ്ഞു. “ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബത്തിന് നീതി വേണം. അവർ അവളെ ആദരവോടെ സംസ്കരിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഈ സർക്കാരിലെ ജനങ്ങൾ എന്താണ് ചെയ്തത്? അവർ അതിന് അനുവദിച്ചില്ല. അവൾക്ക് ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ, അവൾ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു, ”അദ്ദേഹം പറഞ്ഞു.