ന്യൂഡൽഹി: കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യുമെന്ന കേന്ദ്ര വാദത്തെ തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ കർഷകർ സന്തുഷ്ടരാണെങ്കിൽ അവർ എന്തിന് രാജ്യത്തൊട്ടാകെ പ്രതിഷേധിക്കണമെന്ന് രാഹുൽ ചോദിച്ചു. പഞ്ചാബിലെ ഓരോ കർഷകനും എന്തിന് പ്രതിഷേധിക്കണം. കോവിഡ് പോലൊരു മഹാമാരിക്കിടയിൽ പാർലമെന്റിൽ ചർച്ചയ്ക്കുപോലും വയ്ക്കാതെ നിയമം പാസക്കിയതിനെയും രാഹുൽ വിമർശിച്ചു.

മോഗയിൽ കിസാൻ ബച്ചാവോ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ത്യൻ കാർഷിക മേഖലയിലെ മൂന്ന് തൂണുകളെ തകർക്കുന്ന കരിനിയമങ്ങളാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കോവിഡ് 19 ന്റെ കാലഘട്ടത്തിൽ ഈ നിയമങ്ങൾ കൊണ്ടുവരാനുള്ള തിടുക്കം എന്താണ്? എന്തുകൊണ്ടാണ് ലോക്‌സഭയിലും രാജ്യസഭയിലും ശരിയായ ചർച്ച നടക്കാതിരുന്നതെന്നും രാഹുൽ ചോദിച്ചു. അദാനികളും അംബാനികളും നിയന്ത്രിക്കുന്ന പാവസർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

Also Read: അവൾ എനിക്കൊപ്പം ഇരുന്നു, ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് തിരക്കി; ഹാഥ്‌റസ് യുവതിയുടെ അമ്മ

കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കും. കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്‌ടർ സമരം ഇന്നുമുതൽ. പഞ്ചാബിലും ഹരിയാനയിലും മൂന്ന് ദിവസത്തെ സമരത്തിനാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുക. മോഗയിലും ലുധിയാനയിലും 10,000 ത്തോളം കർഷകർ പങ്കെടുക്കുന്ന റാലിയെ രാഹുൽ അഭിസംബോധന ചെയ്യും. മോഗയിൽ 3,000 ട്രാക്‌ടറുകളുടെ അകമ്പടിയോടെ പ്രതിഷേധപ്രകടനം നടക്കും.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനിൽ ജാഘർ മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവർ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. 52 കിലോമീറ്റർ ട്രാക്‌ടർ റാലിയിലാണ് രാഹുൽ പങ്കെടുക്കുക. പഞ്ചാബിലെ പട്യാലയിൽ ട്രാക്‌ടർ സമരം അവസാനിപ്പിച്ച് രാഹുൽ ഹരിയാനയിലേക്ക് കടക്കും.

അതേസമയം, കേന്ദ്രസർക്കാർ നടപ്പാക്കിയ 3 കാർഷിക നിയമങ്ങൾക്കു പകരമുള്ള ബില്ലിന് കോൺഗ്രസ് രൂപം നൽകി. പ്രൊട്ടക്‌ഷൻ ഓഫ് ഫാർമേഴ്സ് ഇന്ററസ്റ്റ് ആൻഡ് ഫാം പ്രൊഡ്യൂസ് (സ്പെഷൽ പ്രൊവിഷൻസ്) ബിൽ എന്നായിരിക്കും ഇത് അറിയപ്പെടുക. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ ഈ ബിൽ പാസാക്കും. മറ്റു പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കാൻ സാധ്യതയുണ്ട്.

പ്രമുഖ അഭിഭാഷകനായ അഭിഷേക് സിങ്‌വിയാണ് ബിൽ തയാറാക്കിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് ബിൽ തയാറാക്കി പാസാക്കാൻ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിർദേശിക്കുകയായിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം തങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമാണ് എന്നു കണ്ടാൽ സംസ്ഥാനങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 254(2) പ്രകാരം പകരം നിയമം കൊണ്ടുവരാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook