ഛണ്ഡീഗഡ്: പൊതുജനങ്ങൾ കൊറോണ വ്യാപനം തടയുന്നതിനുളള നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ഉത്തരവ് ഉടൻ നടപ്പിലാക്കും. ചീഫ് സെക്രട്ടറി കരൺ അവ്താർ സിങ്, ഡിജിപി ദിനകർ ഗുപ്ത എന്നിവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷമാണ് യാതൊരു ഇളവുകളുമില്ലാതെ മുഖ്യമന്ത്രി മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചതെന്ന് സർക്കാർ വക്താവ് പറഞ്ഞു.

22 ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരോട് അതനുസരിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടു. ആവശ്യം പരിഗണിച്ച് ആളുകൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് പ്രത്യേകമായി ഇളവ് അനുവദിക്കപ്പെടുമെന്ന് വക്താവ് പറഞ്ഞു.

Read More: കോവിഡ്-19: കനിക കപൂര്‍ ഇടപഴകിയത് 266 പേരുമായി; പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്

വീടുകൾക്ക് അകത്തിരിക്കണമെന്ന നിർദേശങ്ങൾ​ പാലിക്കാതെ നിരവധി ആളുകൾ റോഡിലിറങ്ങി നടക്കുകയാണെന്നും മാർഗനിർദേശങ്ങൾ പിന്തുടരുന്നില്ലെന്നും എല്ലാ ജില്ലകളിൽ നിന്നും സർക്കാരിന് റിപ്പോർട്ടുകൾ ലഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ആവശ്യമുള്ളവർക്ക് സൗജന്യ ഭക്ഷണം, പാർപ്പിടം, മരുന്ന് എന്നിവ നൽകണമെന്ന് മുഖ്യമന്ത്രി നേരത്തെ നിർദേശിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ അനുവദിച്ചു. പഞ്ചാബിൽ ഇതുവരെ 23 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്.

അതേസമയം, രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 415 ആയി ഉയർന്നു. പകർച്ചവ്യാധി തടയുന്നതിനായി നൽകിയ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ലോക്ക്ഡൗൺ നടപടികൾ ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു. ഇത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്നും മോദി പറഞ്ഞു.

വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ ഏഴു പേരാണ് മരിച്ചത്. കോവിഡിനെ നേരിടാൻ അസാധാരണമായ നടപടികളാണ് കേന്ദ്രം കൈകൊണ്ടിരിക്കുന്നത്. മാർച്ച് 31 വരെ 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 75 ജില്ലകൾ പൂർണമായും അടച്ചിടണമെന്ന് പ്രഖ്യാപിക്കുകയും എല്ലാ പാസഞ്ചർ ട്രെയിനുകളും, അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകളും, മെട്രോ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook