ചണ്ഡിഗഡ്: മരുമകനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെയും ഭീഷണിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
2018ലെ മണല്‍ ഖനനക്കേസിലാണ് ചന്നിയുടെ അനന്തരവന് ഭൂപീന്ദര്‍ സിങ് ഹണിക്കെതിരെയായ ഇഡി നീക്കം. ഭൂപീന്ദര്‍ സിങ് ഹണിയുമായി ബന്ധപ്പെട്ട നിരവധി ഇടങ്ങളില്‍ ഇഡി ചൊവ്വാഴ്ച റെയ്ഡ് നടത്തിയിരുന്നു.
കൊല്ലപ്പെടാന്‍ തയാറാണെന്നും ഒരു കേസിലും ഭയമില്ലെന്നും പറഞ്ഞ ചന്നി ഇഡിയെയും മറ്റ് ഏജന്‍സികളെയും ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നു കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും അവര്‍ ഇതിനു ശ്രമിച്ചു. പഞ്ചാബിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ശിരോമണി അകാലി ദള്‍ നേതാവ് ബിക്രം സിങ് മജിതിയ എന്നിവരാണ് ഇഡി കേസിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
”ഇന്നലെ രാത്രി അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചുവെന്നാണ് കേട്ടത്. കോടതികള്‍ രാവിലെ ആറ് വരെ തുറന്നിരുന്നു. കാരണം ഞാന്‍ അറസ്റ്റ് ചെയ്യപ്പെടും. കേസിലേക്ക് എന്റെ പേര് കൊണ്ടുവരാന്‍ അനന്തരവന് പീഡിപ്പിക്കപ്പെട്ടു. അതു നടക്കാതെ വന്നപ്പോള്‍ അവര്‍ കോടതി അടയ്ക്കാന്‍ ആവശ്യപ്പെട്ടു. അന്തരവനെ ഞാന്‍ കണ്ടിട്ടില്ല. അവന് ഇപ്പോള്‍ എവിടെയാണെന്നു പോലും ഞങ്ങള്‍ക്കറിയില്ല. അവനെ ചോദ്യം ചെയ്തവര്‍ ഞങ്ങളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായി അറിഞ്ഞു,” ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, മന്ത്രിമാരായ ത്രിപത് രജീന്ദര്‍ സിങ് ബജ്വ, ബ്രഹ്മ് മൊഹീന്ദ്ര, സുഖ്ബിന്ദര്‍ സാര്ക്കരിയ എന്നിവര്‍ക്കൊപ്പം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: മൂന്നാം തരംഗം ജനുവരി 23 ന് മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് കാണ്‍പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞന്
” നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് തന്നെ തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അടിച്ചമര്‍ത്തലാണ്. ഞങ്ങളെ ബലപ്രയോഗത്തിലൂടെ കേസിലേക്കു വലിച്ചിഴയ്ക്കുകയാണ്. പഞ്ചാബിലെ ജനങ്ങള്‍ എനിക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ മന്ത്രിയും എംഎല്.എയും ആയിട്ടുണ്ട്. എന്നില്‍ കളങ്കവുമില്ല. പക്ഷേ, അവര്‍ എന്നെ ബലമായി കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും എന്നെ അനുവദിക്കില്ലെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്,” ചന്നി കൂട്ടിച്ചേര്‍ത്തു.
”മന്ത്രിമാര്‍ക്കും ഭീഷണിയുണ്ട്. നീതിയുക്തമായ തിരഞ്ഞെടുപ്പ് വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അതിക്രമം തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ബന്ധു കളങ്കിനാണെങ്കില് ഒഴിവാക്കണമെന്ന് പറയുന്നില്ല. എന്നാല്‍ എഫ്ഐആറില്‍ എന്റെ അനന്തരവന്റെ പേരില്ലെന്നിരിക്കെ അതിലേക്ക് എന്തിനാണ് അദ്ദേഹത്തെ വലിച്ചിഴച്ചത്? കുറ്റാരോപിതനായ കുദ്രത്ദീപ് സിങ്ങിനെ അനുവദിച്ച ഖനി പ്രവര്‍ത്തിക്കാത്തതിനാല്‍ എഫ്ഐആറില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഹണി പിന്നീടാണ് കുദ്രത്ദീപ് സിങ്ങിന്റെ സ്ഥാപനത്തില്‍ പങ്കാളിയായത്. എഫ്ഐആര്‍ അതിനു മുന്‍പാണ് രജിസ്റ്റര്‍ ചെയ്തത്,” ചന്നി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് ബിജെപിയുമായി കൂട്ടുകൂടുകയാണെന്നും അതുകൊണ്ടാണ് എഎപി വിട്ട് ആരും ബിജെപിയില്‍ ചേരാത്തതെന്നും ചന്നി ആരോപിച്ചു.