scorecardresearch

Election Results 2022: ഭഗ്‌വന്ത്‌ സിങ് മാന്‍: സ്റ്റാന്‍ഡ് അപ്പ് കോമേഡിയനില്‍നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക്

കരിയറിന്റെ ഉന്നതിയിലായിരിക്കെ 2011-ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയായിരുന്നു ഭഗവന്ത്‌സിങ് മാനിന്റെ രാഷ്ട്രീയപ്രവേശം

Election Results 2022: ഭഗ്‌വന്ത്‌ സിങ് മാന്‍: സ്റ്റാന്‍ഡ് അപ്പ് കോമേഡിയനില്‍നിന്ന് പഞ്ചാബ് മുഖ്യമന്ത്രി പദത്തിലേക്ക്

രക്തസാക്ഷി ഭഗത് സിങ്ങിനെ അനുസ്മരിപ്പിക്കുന്ന ഭഗ്‌വന്ത്‌സിങ് മാന്‍,’പഞ്ചാബ് നു പഞ്ചാബ് ബനാന്‍ ഡി ലഡായി’ (യഥാര്‍ത്ഥ പഞ്ചാബ് വീണ്ടെടുക്കാനുള്ള യുദ്ധം) എന്നാണ് അധികാരത്തിനുവേണ്ടിയുള്ള തന്റെ പാര്‍ട്ടിയുടെ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. ഭഗത് സിങ്ങിനെപ്പോലെ ‘ബസന്തി’ (മഞ്ഞ) തലപ്പാവ് ധരിക്കുന്ന അദ്ദേഹം ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ ഉപയോഗിച്ച് ജനക്കൂട്ടത്തെ അണിനിരത്തുന്നു.

11 വര്‍ഷം മുന്‍പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച നാല്‍പ്പത്തിയെട്ടുകാരനായ ഭഗ്‌വന്ത്‌സിങ് മാന്‍, ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനുശേഷം എഎപിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്. കൊമേഡിയനായി തിളങ്ങിനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനം.

ഭഗ്‌വന്ത്‌സിങ് മാനിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി ഒരു മാസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. പൊതുജനങ്ങളില്‍നിന്ന് ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 19നായിരുന്നു പ്രതികരണം. 21.5 ദശലക്ഷം പ്രതികരണങ്ങള്‍ ലഭിച്ചതായും ഇതിന്റെ 93 ശതമാനവും മാനിന് അനുകൂലമാണെന്നും എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

ധുരി മണ്ഡലത്തില്‍ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങിയ മാന്‍ സംഗ്രൂരില്‍നിന്നു രണ്ടു തവണ പാര്‍ലമെന്റ് അംഗമായ ആളെന്ന നിലയില്‍ ജനങ്ങള്‍ക്ക് അപരിചിതനല്ല. സതോജ് ഗ്രാമത്തിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ കുടുംബത്തിലായിരുന്നു ഭഗ്‌വന്ത്‌സിങ് മാനിന്റെ ജനനം. സുനമിലെ ഷഹീദ് ഉദ്ദം സിങ ഗവ. കോളജില്‍ ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ തന്റെ കന്നി ഓഡിയോ കാസറ്റിലൂടെ മാന്‍ 18-ാം വയസില്‍ പ്രശസ്തനായി. സാമൂഹികവും രാഷ്ട്രീയവുമായ ആക്ഷേപഹാസ്യത്തില്‍ അഗ്രഗണ്യനായ അദ്ദേഹം താമസിയാതെ ജുഗ്‌നു മസ്ത് മസ്ത് പോലുള്ള ദീര്‍ഘകാല ടെലിവിഷന്‍ ഷോകളിലൂടെ പഞ്ചാബിലെ ഹാസ്യരംഗത്തിന്റെ അനിഷേധ്യ രാജാവായി.

കരിയറിന്റെ ഉന്നതിയിലായിരിക്കെ 2011-ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയായിരുന്നു ഭഗവന്ത്‌സിങ് മാനിന്റെ രാഷ്ട്രീയപ്രവേശം. അകാലി കുലപതിയും അഞ്ച് തവണ മുഖ്യമന്ത്രിയുമായ പ്രകാശ് എസ് ബാദലിന്റെ അനന്തരവനുമായ മന്‍പ്രീത് സിങ് ബാദലിന്റെ രാഷ്ട്രീയ പരീക്ഷണമായിരുന്നു പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബ്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്‍, മുന്‍ മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടലിന്റെ സ്വന്തം തട്ടകമായ ലെഹ്റാഗാഗ്ഗയില്‍ മത്സരിച്ചെങ്കിലും വിജയം കണ്ടില്ല.

2014 ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബാദല്‍ തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചപ്പോള്‍, മാന്‍ ഒപ്പം പോകാന്‍ വിസമ്മതിച്ചു, പകരം എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന്റെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. പിന്നീട് നടന്നത് ചരിത്രമാണ്. 2014ല്‍ സംഗ്രൂര്‍ ലോക്സഭാ സീറ്റില്‍ മുതിര്‍ന്ന അകാലി നേതാവ് എസ് എസ് ദിന്‍ഡ്സയെ രണ്ടു ലക്ഷത്തിലധികം വോട്ടിനാണ് മാന്‍ അട്ടിമറിച്ചത്. 2019ലും അദ്ദേഹം വന്‍ വിജയം ആവര്‍ത്തിച്ചു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ ഏറ്റവും പ്രധാന മുഖമായിരുന്നു അദ്ദേഹം പ്രചാരണ വേളയില്‍ മുന്നൂറിലധികം റാലികളെ അഭിസംബോധന ചെയ്തു. അന്ന് അദ്ദേഹം സൃഷ്ടിച്ച ‘കിക്ലി-കലീര്‍’ എന്ന പഞ്ചാബി ഗാനം ഭരണകക്ഷിയായ അകാലിദളിനെ നയിച്ച ബാദല്‍ കുടുംബത്തിനു നേരെയുള്ള ആക്ഷേപഹാസ്യമായി മാറി.

പിന്നീട് മയക്കുമരുന്ന് വ്യാപാര ആരോപണം സംബന്ധിച്ച മാനനഷ്ടക്കേസില്‍ അകാലി നേതാവ് ബിക്രം എസ് മജിതിയയോട് കേജ്‌രിവാള്‍ മാപ്പ് പറഞ്ഞപ്പോള്‍, മാന്‍ പ്രതിഷേധ സൂചകമായി എഎപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവച്ചു.

സംസ്ഥാനത്ത് വന്‍ ജനപ്രീതിയുള്ള സമയത്ത്, മാന്‍ പാര്‍ലമെന്റില്‍ കുപ്രസിദ്ധി നേടി. അദ്ദേഹം മദ്യപിച്ച നിലയില്‍ സഭയില്‍ വന്നതായി ചില സഹ എംപിമാര്‍ പരാതിപ്പെട്ടു. അദ്ദേഹത്തിനു ‘പെഗ്വന്ത് മാന്‍’ എന്ന പേര് ലഭിക്കാന്‍ ഇടയാക്കി ഈ സംഭവം. 2017 ജനുവരിയില്‍ ബട്ടിന്‍ഡയില്‍ നടന്ന ഒരു റാലിയില്‍ സദസിനുനേരെ ചുംബനങ്ങള്‍ നല്‍കിയശേഷം അദ്ദേഹം വീണ സംഭവത്തിലും പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ 2019 ഓടെ, അദ്ദേഹം ഒരു പുതിയ ദിശയയിലേക്കു മാറിയെന്ന് എഎപി അവകാശപ്പെട്ടു. മാന്‍ മദ്യം ഉപേക്ഷിച്ചതായി കേജ്രിവാള്‍ പരസ്യമായി പ്രഖ്യാപിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ ശാന്തനും സംയമനം പാലിക്കുന്നതുമായ മാനിനെയാണു കണ്ടത്. തന്റെ നാടന്‍ ശൈലിയില്‍ പ്രസംഗങ്ങള്‍ നടത്തിയ അദ്ദേഹം, മറ്റ് രാഷ്ട്രീയക്കാരുടെ ആസ്തി വര്‍ധിച്ചപ്പോള്‍ തന്റെ സമ്പത്ത് എങ്ങനെ കുറഞ്ഞുവെന്ന് എല്ലാ യോഗങ്ങളിലും ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു.

സതോജിലെ അദ്ദേഹത്തിന്റെ വീട് രാഷ്ട്രീയത്തിലെ വിജയത്തിന്റെ അടയാളങ്ങളൊന്നും വഹിക്കുന്നില്ല. അദ്ദേഹത്തിന്റെ അമ്മ വീട്ടമ്മയാണ്. സഹോദരിയും സ്‌കൂള്‍ അധ്യാപികയും. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചിതനായ മാന്‍ താന്‍ പഞ്ചാബിനായി സ്വയം സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞു. 16 വയസുള്ള മകനും 20 വയസുള്ള മകളുമുണ്ട് മാനിന്. ഇരുവരും യുഎസിലാണ് താമസിക്കുന്നത്.

ഭഗവന്ത് സിങ് മാനിനെ ഡല്‍ഹി ഹൈക്കമാന്‍ഡിന്റെ റബ്ബര്‍ സ്റ്റാമ്പായി താഴ്ത്തിക്കെട്ടുന്നതിനെതിരെ അദ്ദേഹവുമായി അടുപ്പമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അദ്ദേഹം കൗശലക്കാരനായ രാഷ്ട്രീയക്കാരനാണെന്ന്് സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ വിശ്വസിക്കുന്നു.

Read More: Election Results 2022: പഞ്ചാബ് ആം ആദ്മി തൂത്തുവാരിയത് എങ്ങനെ? 5 കാരണങ്ങൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Punjab elections bhagwant mann ahead in dhuri set to be aaps second cm after kejriwal