/indian-express-malayalam/media/media_files/uploads/2019/11/Jagmale-Singh.jpg)
പഞ്ചാബ്: സങ്ക്രൂര്‍ ജില്ലയില്‍ മര്‍ദ്ദനത്തിന് ഇരയായ ദളിത് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ജഗ്മേല്‍ സിങ്ങിനെ സവര്‍ണ വിഭാഗത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിക്കുകയും ചെയ്യുകയുമായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ഒന്‍പതു ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് മരിക്കുന്നത്.
സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ചങ്കലി വാല സ്വദേശികളായ റിങ്കു, റിങ്കുവിന്റെ അച്ഛന്‍ അമര്‍ജിത്, ജിന്തര്‍ സിങ്, ലക്കി എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.റിങ്കുവും കൊല്ലപ്പെട്ട യുവാവും തമ്മില്‍ വാക് തര്‍ക്കമുണ്ടായിരുന്നു. അത് പരിഹരിക്കാനായി നവംബര്‍ ഏഴിന് റിങ്കു യുവാവിനോട് വീട്ടിലേക്ക് വരാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മുളവടിയും ഇരുമ്പു ദണ്ഡും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു.
കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തനിക്ക് കുടിക്കാന്‍ മൂത്രം തരികയായിരുന്നുവെന്ന് യുവാവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കാല്‍ മുട്ടിനു കീഴെ നിന്ന് അറ്റുപോയിട്ടുണ്ടായിരുന്നു. അതേസമയം, യുവാവിന്റെ മരണത്തില്‍ പ്രതിഷേധം കനക്കുകയാണ്. പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലയിലെ ദളിത് സംഘടനയായ സമീന്‍ പ്രാപ്തി സംഘര്‍ഷ് കമ്മിറ്റി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.