ജലന്ധർ (പഞ്ചാബ്): ലോക്ക്ഡൗണിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ പലരും നിയമം തെറ്റിച്ച് വാഹനങ്ങളിൽ പുറത്തിറങ്ങുന്നുണ്ട്. പഞ്ചാബിലെ ജലന്ധറിൽ കാർ തടയാൻ ശ്രമിച്ച പൊലീസുകാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ജലന്ധറിലെ മിൽക്ക് ബാർ ചൗക്കിലെ ചെക്പോസ്റ്റിൽ ഇന്നു രാവിലെയാണ് സംഭവം. 20 കാരൻ ഓടിച്ചിരുന്ന കാർ ചെക്പോസ്റ്റിൽ നിർത്താതെ പോവുകയായിരുന്നു. പൊലീസുകാർ കൈ കാണിച്ചെങ്കിലും നിർത്താതെ ബാരിക്കേഡും തകർത്ത് മുന്നോട്ട് എടുക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മുൽഖ് രാജിനു നേർക്ക് കാർ പാഞ്ഞടുത്തു. ഈ സമയം പ്രാണരക്ഷാർഥം അദ്ദേഹം കാറിന്റെ ബോണറ്റിൽ പിടിച്ചു തൂങ്ങി. പൊലീസുകാരനെയും കൊണ്ട് ഏതാനും മിനിറ്റുകൾ മുന്നോട്ടു പോയശേഷമാണ് കാർ നിർത്തിയത്.

Read Also: മദ്യശാലകൾ തുറക്കില്ല, ഗ്രീൻ സോണിലും ബസ് സർവീസ് ഇല്ല; ഇളവുകൾ വേണ്ടന്നുവച്ച് കേരളം

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓടുന്ന കാറിന്റെ ബോണറ്റിൽ തൂങ്ങിക്കിടക്കുന്നതിന്റെ 90 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. ചിലർ കാറിനെ പിന്തുടർന്ന് തടയുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ 20 കാരനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പിതാവിന്റെ പേരിലുളള കാറാണ് 20 കാരൻ ഓടിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook