ജലന്ധർ: പഞ്ചാബ് സർക്കാരിന്റെ ബംപർ ലോട്ടറിയായ ലോഡി അടിച്ചത് പൊലീസ് കോൺസ്റ്റബിളിന്. പഞ്ചാബ് പൊലീസിലെ കോൺസ്റ്റബിളായ അശോക് കുമാറിനാണ് 2 കോടിയുടെ ബംപർ അടിച്ചത്.

ഘോഷിയാർപൂർ ജില്ലയിലെ സദർ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ അശോക് കുമാർ ജോലി ചെയ്യുന്നത്. 29 കാരനായ അശോക് ബിരുദ പഠനത്തിനുശേഷം 2010 ലാണ് പൊലീസിൽ ചേരുന്നത്. ജനുവരി 16 ന് തന്നെ ലോട്ടറി വിൽക്കുന്നയാൾ ബംപർ അടിച്ച വിവരം അശോക് കുമാറിനെ അറിയിച്ചിരുന്നു. ശനിയാഴ്ചയാണ് ഔദ്യോഗികമായി സർക്കാർ ഫലം പുറത്തുവിട്ടത്.

”ലോട്ടറി വിൽക്കുന്നയാൾ ജനുവരി 16 ന് തന്നെ സമ്മാനം അടിച്ച വിവരം എന്നെ അറിയിച്ചിരുന്നു. പക്ഷേ ഔദ്യോഗിക ഫലം പുറത്തുവരുന്നതുവരെ ഞാൻ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു. എനിക്ക് ബംപർ അടിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മിഡിൽ ക്ലാസ് കുടുംബത്തിന് ഇതൊരു വലിയ തുകയാണ്,” കുമാർ പററഞ്ഞു.

Read: കോടിപതിയെ കാത്ത് കേരളം; ക്രിസ്മസ് ബംപർ ഫലം ജനുവരി 23ന്

എപ്പോഴും ലോട്ടറി വാങ്ങുന്ന ഒരാളല്ല താനെന്നും കുമാർ പറഞ്ഞു. ”പൊലീസ് സ്റ്റേഷനിലെത്തിയ ലോട്ടറി വിൽപ്പനക്കാരൻ 200 രൂപയുടെ ബംബർ വാങ്ങാനായി എന്നെ നിർബന്ധിച്ചു. കഴിഞ്ഞ ദീപാവലിക്കാണ് ഞാനൊരു ലോട്ടറി വാങ്ങിയത്. അതായിരുന്നു എന്റെ ആദ്യത്തെ ലോട്ടറി. അതിനുശേഷം ലോട്ടറി വാങ്ങണമെന്ന് ദീർഘനാളായി വിചാരിച്ചിരുന്നു. പക്ഷേ നടന്നില്ല. ലോഹ്‌റി ബംപർ ഞാൻ വാങ്ങുന്ന രണ്ടാമത്തെ ടിക്കറ്റാണ്.”

ലോട്ടറി തുക ബാങ്കിൽ നിക്ഷേപിക്കുമെന്നും പൊലീസ് ജോലി ഉപേക്ഷിക്കില്ലെന്നുമാണ് കുമാർ പറയുന്നത്. ”ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടാണ് സർക്കാർ ജോലി കിട്ടിയത്. ലോട്ടറി തുക എനിക്ക് സാമ്പത്തികമായി കരുത്ത് നൽകുന്നതാണ്. ഇനി സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിക്കാതെ എന്റെ ജോലി കുറച്ചുകൂടി നന്നായി ചെയ്യാൻ കഴിയും,” കുമാർ പറഞ്ഞു.

ഘോഷിയാർപൂർ ജില്ലയിലെ മൗട്ടിയാൻ ഗ്രാമത്തിൽ മാതാപിതാക്കൾക്കും രണ്ടു സഹോദരങ്ങൾക്കുമൊപ്പമാണ് അശോക് കുമാറിന്റെ താമസം. ലോട്ടറി തുകയിൽനിന്നും 30 ശതമാനം നികുതി കിഴിവിനുശേഷമുള്ള തുകയാണ് അശോകിന് ലഭിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook