ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സുനിൽ ഝാഖർ പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു ഝാഖർ.
കോൺഗ്രസിന്റെ അച്ചടക്ക നടപടി കമ്മിറ്റി കഴിഞ്ഞ മാസം അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. “പാർട്ടി ലൈനിൽ നിൽക്കുന്നില്ല” എന്ന പേരിലായിരുന്നു നോട്ടീസ്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷൻ കൂടിയായ ഝാഖർ ഫെയ്സ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് രാജിതീരുമാനം പ്രഖ്യാപിച്ചത്. വീഡിയോയിൽ അദ്ദേഹം പാർട്ടി നേതൃത്വത്തെയും പ്രത്യേകിച്ച് അംബികാ സോണിയെയും ലക്ഷ്യം വച്ചു. തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെയും അദ്ദേഹം വിമർശിച്ചു.
എന്നാൽ, നോട്ടീസിനോട് ഝാഖർ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തന്റെ ഫെയ്സ് ബുക്ക് ലൈവ് വീഡിയോയെ കോൺഗ്രസിനുള്ള “പിരിയൽ സമ്മാനം” എന്ന് വിശേഷിപ്പിച്ച ഝാഖർ, “കോണ് ഗ്രസിനു ഗുഡ് ലക്ക്, ഗുഡ് ബൈ” എന്ന് വീഡിയോയിൽ പറഞ്ഞു.
നേരത്തെ പ്രസംഗത്തിൽ അംബിക സോണിക്കെതിരെ ആഞ്ഞടിച്ച ഝാഖർ, പഞ്ചാബിൽ ഒരു ഹിന്ദു മുഖ്യമന്ത്രി ഉണ്ടാകരുതെന്ന ആഖ്യാനം അവർ സൃഷ്ടിച്ചുവെന്ന് ആരോപിച്ചിരുന്നു.
പഞ്ചാബിനും സിഖുകാർക്കുമെതിരെ സോണി കളങ്കം ചാർത്തുകയും ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന് ഝാഖർ പറഞ്ഞു. ഇത്തരം നേതാക്കൾ കോൺഗ്രസിൽ തുടരുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ മുൻ പഞ്ചാബ് കാര്യ ചുമതലയുള്ള ഹരീഷ് റാവത്തിനെതിരെയും ജാഖർ ആഞ്ഞടിച്ചു. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ റാവത്തിന്റെ തോൽവിയെ അദ്ദേഹം “ദൈവിക നീതി” എന്നാണ് വിശേഷിപ്പിച്ചത്. മറ്റ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ തോൽവിക്കു തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമർശത്തിന് നിലവിലെ കോൺഗ്രസ് പഞ്ചാബ് കാര്യ ചുമതലയുള്ള ഹരീഷ് ചൗധരിയെ അദ്ദേഹം വിമർശിച്ചു. കോൺഗ്രസിന്റെ തോൽവിക്ക് താൻ ഉത്തരവാദിയാണെങ്കിൽ എന്തുകൊണ്ട് തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സുഹൃത്തുക്കളെയും ശത്രുക്കളെയും വേർതിരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് കഴിയണമെന്നും അവർക്ക് അതിന് കഴിയുന്നില്ലെങ്കിൽ സ്വത്തുക്കളും ബാധ്യതകളും തമ്മിൽ വേർതിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നതിനു പകരം കോൺഗ്രസിന് ‘ചിന്ത ശിബിരം’ നടത്തേണ്ടതുണ്ടെന്നും ഝാഖർ പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസ് നൽകിയ ദിവസം തന്നെ കോൺഗ്രസുമായുള്ള ബന്ധം വേർപെടുത്താൻ നോക്കിയെന്നും എന്നാൽ പാർട്ടിയുമായുള്ള അഞ്ച് പതിറ്റാണ്ടിന്റെ ബന്ധം തന്നെ പിന്തിരിപ്പിച്ചെന്നും ഝാഖർ പറഞ്ഞു.
പാർട്ടിയുടെ എല്ലാ പദവികളിൽ നിന്നും തന്നെ നീക്കം ചെയ്ത പാർട്ടിയുടെ അച്ചടക്ക നടപടിയെ അദ്ദേഹം പരിഹസിച്ചു. തീരുമാനമെടുത്ത സമയത്ത് പാർട്ടിയിൽ ഒരു പദവിയും വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കോൺഗ്രസ് പാർട്ടിയെ അലട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പ്രസംഗത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ഝാഖർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നീക്കം ചെയ്തിരുന്നു.