ചണ്ഡീഗഡ്: പഞ്ചാബിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ദിവസങ്ങൾക്ക് ശേഷം നവജ്യോത് സിങ് സിദ്ദു മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ചണ്ഡിഗഡിലെ പഞ്ചാബ് ഭവനിലായിരുന്നു കൂടിക്കാഴ്ചയിൽ.
സിദ്ദുവും ചാന്നി മന്ത്രിസഭയും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചക്കൊടുവിൽ “തൃപ്തികരമായി പരിഹരിക്കപ്പെട്ടു” എന്ന് പഞ്ചാബ് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. “ഏത് ചർച്ചയ്ക്കും” തയ്യാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് മുമ്പ് സിദ്ദു പറഞ്ഞിരുന്നു.
അതേസമയം, മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് താൻ കോൺഗ്രസ് വിടുകയാണെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. കോൺഗ്രസ് വിടുകയാണെന്നും എന്നാൽ ബിജെപിയിൽ ചേരില്ലെന്നും അമരീന്ദർ സിങ് വ്യക്തമാക്കി.
“ഇതുവരെ ഞാൻ കോൺഗ്രസിലായിരുന്നു, ഇനി തുടരില്ല. എന്നെ നല്ല രീതിയിൽ പരിഗണിക്കില്ല,” അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അമരീന്ദർ സിങ് തന്നെ അപമാനിച്ചെന്നും ഭാവി തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ തുറന്നിടുകയാണെന്നും പറഞ്ഞിരുന്നു.
അതിനിടെ പഞ്ചാബ് കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ മുൻ പിപിസിസി ചീഫ് സുനിൽ ജാക്കർ അപലപിച്ചു. മുഖ്യമന്ത്രിയുടെ അധികാരത്തെ ദുർബലപ്പെടുത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ‘കോൺഗ്രസിൽനിന്ന് പോകുന്നു, ബിജെപിയിലേക്കില്ല’: അമരീന്ദർ സിങ്