ന്യൂഡല്‍ഹി: ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയില്‍ കയറി പ്രതിഷേധിച്ചു. പഞ്ചാബില്‍ നിന്നുളള എംപിമാരാണ് വ്യത്യസ്തമായി പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് എംപിമാരായ രവനീത് സിങ് ബിട്ടു, സുനില്‍ ജാഖര്‍, സന്തോഖ് സിങ് ചൗധരി എന്നിവരാണ് പ്രതിഷേധിച്ചത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. നഷ്ടപരിഹാരം നല്‍കുന്നത് ബിസ്ക്കറ്റ് വിതരണം ചെയ്യുന്ന പോലെ അല്ല എന്നായിരുന്നു വി.കെ.സിങ് പറഞ്ഞത്.

ഐഎസ് ഭീകരർ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം ഇന്നലെയാണ് അമൃത്സറിലെത്തിച്ചത്. ഇവിടെ നിന്ന് പ്രത്യേക ആംബുലൻസുകളിൽ മരണപ്പെട്ടവരുടെ ജന്മനാട്ടിൽ മൃതദേഹങ്ങൾ എത്തിച്ചു. മരിച്ച 39 പേരില്‍ 27 പേര്‍ പഞ്ചാബ് സ്വദേശികളാണ്. നാല് പേര്‍ ഹിമാചല്‍ പ്രദേശ്, രണ്ട് പേര്‍ പശ്ചിമ ബംഗാള്‍, ആറ് ബിഹാര്‍ സ്വദേശികള്‍ എന്നിവരുടെ മൃതദേങ്ങളാണ് എത്തിയത്.

ഒരാളുടെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയില്‍ 70 ശതമാനം മാത്രമാണ് യോജിപ്പ് കാണിച്ചത്. 2015 ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് ഒരാഴ്ച മുൻപാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിൽ അറിയിച്ചത്. ബദൂഷിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സുഷമ സ്വരാജിനെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook