അമൃത്സർ: പഞ്ചാബിൽ കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവിന് പിന്തുണയറിയിച്ച് അറുപതോളം പാർട്ടി എംഎൽഎമാർ. ആകെ 80 എംഎൽഎമാരാണ് കോൺഗ്രസിന് പഞ്ചാബ് നിയമസഭയിലുള്ളത്. ഇതിൽ അറുപതോളം പേർ ബുധനാഴ്ച സിദ്ദുവിന്റെ വസതിയിൽ ഒത്തുകൂടി.
സിദ്ധുവും മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിൽ കുറച്ചു കാലമായി തർക്കമുണ്ടായിരുന്നു, അമൃത്സർ ഈസ്റ്റ് എംഎൽഎയായ സിദ്ദു അടുത്തിടെ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങളുന്നയിച്ചിരുന്നു.
സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിൽ സിങ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ സിദ്ദു നടത്തിയ അപകീർത്തികരമായ ട്വീറ്റുകൾ നീക്കം ചെയ്യുന്നത് വരെ സിദ്ദുവിനെ താൻ കാണില്ലെന്നും സിങ് പറഞ്ഞിരുന്നു.
മന്ത്രിമാരായ സുഖ്‌ജിന്ദർ സിംഗ് രന്ധാവ, തൃപ്ത് രജീന്ദർ സിംഗ് ബജ്‌വ, ചരഞ്ജിത് സിംഗ് ചാനി, സുഖ്ബിന്ദർ സിങ് സർക്കാരിയ എന്നിവരും കൂടാതെ സ്ഥാനമൊഴിയുന്ന കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജഖറും അടക്കമുള്ള എംഎൽഎമാരാണ് ബുധനാഴ്ച സിദ്ദുവിനെ വീട്ടിലെത്തി സന്ദർശിച്ചത്.
സിദ്ദുവിന്റെ വസതിയിലെത്തിയ എംഎൽഎമാരെ ലക്ഷ്വറി ബസ്സുകളിൽ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ പ്രണാമർപ്പിക്കാൻ പോവുകയും ചെയ്തിരുന്നു. അമൃത്സറിൽ ധാരാളം കോൺഗ്രസ് അനുഭാവികൾ തടിച്ചുകൂടുകയും ചെയ്തു.
തുടർന്ന് എംഎൽഎമാർ ദുർജിയാന ക്ഷേത്രത്തിലേക്കും ഇവിടത്തെ രാം തിരത്ത് സ്ഥലിലേക്കും പോയി.
“സമ്പന്നമായ ഒരു പഞ്ചാബിനായി ഞങ്ങൾ അനുഗ്രഹം തേടി, അതിലേക്കായി നമ്മൾ എല്ലാവരും ഒരുമിച്ച് സംഭാവന ചെയ്യുന്നു,” എന്ന് സുവർണ്ണക്ഷേത്രത്തിൽ പ്രണാമമർപ്പിച്ച ശേഷം ജഖാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു,
മാപ്പ് ചോദിക്കുന്നതുവരെ സിദ്ധുവിനെ കാണില്ലെന്ന മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നിലപാടിനെക്കുറിച്ച്, ചില എംഎൽഎമാർ അത് ആവശ്യമില്ലാത്ത കാര്യമാണെന്ന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ തനിക്ക് അതിശയമുണ്ടെന്ന് മന്ത്രി രന്ധാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ സിദ്ദുവിന്റെ പദവിയെ എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്, മുൻകാലങ്ങളിൽ എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നാലും ഇപ്പോൾ അങ്ങനെ കാണരുത്,” അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളായ പാർതപ് സിംഗ് ബജ്‌വ, സുഖ്‌പാൽ സിംഗ് ഖൈറ എന്നിവർക്കും നേരത്തെ അമരീന്ദർ സിങ്ങുമായി തർക്കമുണ്ടായിരുന്നുവെന്നുവെങ്കിലും ഇപ്പോൾ അവർ തമ്മിലുള്ള ഭിന്നതകൾ അവസാനിപ്പിച്ചുവെന്നും രന്ധാവ പറഞ്ഞു.
“എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് സിദ്ധുമായുള്ള അഭിപ്രായവ്യത്യാസം ഒഴിവാക്കാൻ കഴിയില്ല,” രന്ധാവ ചോദിച്ചു.
വെള്ളിയാഴ്ച ചണ്ഡിഗഢിൽ വച്ച് സിദ്ദു പാർട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎൽഎ കുൽജിത് സിംഗ് നാഗ്ര പറഞ്ഞു.