ന്യൂഡൽഹി: കോൺഗ്രസിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അവർ എടുക്കുന്ന ഏത് തീരുമാനവും സ്വീകാര്യമാണെന്നും നേതാവ് നവജ്യോത് സിങ് സിദ്ദു. വ്യാഴാഴ്ച ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തി മുതിർന്ന പാർട്ടി നേതാക്കളെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാർട്ടി ഹൈക്കമാന്റിനോട് ഞാൻ ഇതിനകം എന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്, കോൺഗ്രസ് അധ്യക്ഷ എടുക്കുന്ന ഏത് തീരുമാനവും പാർട്ടിയുടെയും പഞ്ചാബിന്റെയും താത്പര്യത്തിന് അനുസൃതമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” സിദ്ദു പറഞ്ഞു. എഐസിസി ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ സി വേണുഗോപാൽ, പഞ്ചാബിന്റെ ചമുതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് എന്നിവരുമായുള്ള സിദ്ദുവിന്റെ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടിരുന്നു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിക്കാനും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും സിദ്ദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാവത്ത് പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സിദ്ദു കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. തനിക്ക് ആദരവും ബഹുമാനവും നൽകിയതിന് പാർട്ടി ഹൈകമാൻഡിനോട് നന്ദി പറഞ്ഞ സിദ്ദു തനിക്കായി ഒരു വലിയ പോരാട്ടം ഉണ്ടെന്നും സംവിധാനങ്ങളെ മാറ്റേണ്ടതുണ്ടെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
Also Read: ലഖിംപൂർ ഖേരി: അജയ് മിശ്രയെ നീക്കണം, ജുഡീഷ്യൽ അന്വേഷണം വേണം; കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു
ജൂലൈ 19 ന് പിപിസിസി അധ്യക്ഷനായി നിയമിതനായ സിദ്ധു സെപ്റ്റംബറിൽ സ്ഥാനം രാജിക്കത്ത് സമർപിച്ചിരുന്നു. അമരീന്ദർ സിങ്ങിന്റെ പിൻഗാമിയായി ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിറകെയായിരുന്നു സിദ്ദുവിന്റെ രാജി.
അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്നതിനുള്ള തീരുമാനം പാർട്ടി ഇതുവരെ എടുത്തിട്ടില്ല. വെള്ളിയാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.