ന്യൂഡല്‍ഹി/ഛണ്ഡിഗഡ്: പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ അദ്ദേഹത്തോട് ഹൈക്കമാൻഡ് ആവശ്യപ്പട്ട് മണിക്കൂറുകൾക്കുശേഷമാണ് രാജി സമർപ്പിച്ചത്. രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച് അമരീന്ദർ സിങ് രാജിക്കത്ത് കൈമാറിയതായി മകൻ രവിന്ദർ സിങ് ട്വീറ്റ് ചെയ്തു.
പഞ്ചാബില്‍ കോണ്‍ഗ്രസ് നിയസഭാ കക്ഷി യോഗം ഇന്നു വൈകിട്ടു നടക്കാനിരിക്കെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കുന്നതിനു മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാരിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇന്ന് രാവിലെ സംസാരിച്ച അമരീന്ദര്‍ താന്‍ അപമാനിക്കപ്പെടുകയാണെന്നും പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുമെന്നും അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഒരു വിഭാഗം എംഎല്‍എമാരുടെ പുതിയ കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് വൈകിട്ട് നിയമഭാ കക്ഷി യോഗം വിളിക്കാന്‍ എഐസിസി തീരുമാനിച്ച സാഹചര്യത്തിലും പഞ്ചാബ് കോണ്‍ഗ്രസിലെ നാടകീയ സംഭവങ്ങള്‍ പുറത്തുവരികയാണ്. മുന്‍ പിസിസി പ്രസിഡന്റും ഒരുകാലത്ത് മുഖ്യമന്ത്രിയുടെ അടുത്തയാളുമായിരുന്ന സുനില്‍ ജാക്കര്‍ ഉള്‍പ്പെടെയുള്ള പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
സോണിയാ ഗാന്ധിയും അമരീന്ദര്‍ സിങ്ങും തമ്മിലുള്ള ടെലിഫോണിക് സംഭാഷണം സംബന്ധിച്ച് രണ്ട് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ട്. രാവിലെ അമരീന്ദര്‍ സിങ്ങിനെ വിളിച്ച സോണിയാ ഗാന്ധി, പാര്‍ട്ടിയുടെ ആഗ്രഹം അറിയിച്ചതായി വൃത്തങ്ങള്‍ പറഞ്ഞു. അദ്ദേഹം ഉടന്‍ രാജി സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഉറവിടം പറഞ്ഞു.
Also Read: രാജ്യത്ത് 35,662 പുതിയ കോവിഡ് കേസുകള്‍; 3.40 ലക്ഷം പേര് ചികിത്സയില്‍
താന്‍ പാര്‍ട്ടി വിടുമെന്ന് അമരീന്ദര്‍ സിങ് സോണിയാ ഗാന്ധിയോട് പറഞ്ഞതായി മറ്റൊരു ഉറവിടം വെളിപ്പെടുത്തി. ഹൈക്കമാന്‍ഡിന്റെയും പഞ്ചാബ് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും ആഗ്രഹം അറിയിക്കുന്നതിനായി ഇന്ന് രാവിലെ പാര്‍ട്ടി ഉന്നത നേതൃത്വം നടപടി സ്വീകരിച്ചതായാണു വിവരം.
പാര്‍ട്ടി എംഎല്‍എമാരുടെ നിവേദനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ കക്ഷി യോഗം നടത്തുമെന്ന് കോണ്‍ഗ്രസ് അര്‍ധരാത്രി അറിയിച്ചിരുന്നു. നിയമസഭാ കക്ഷി നേതാവിനെ നാമനിര്‍ദേശം ചെയ്യാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന ഒറ്റവരി പ്രമേയം യോഗത്തില്‍ പാസാക്കുമെന്നാണ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.