ഛണ്ഡിഗഡ്: രണ്ടു മാസം മാത്രം പ്രായമായ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിലെ ആരോഗ്യമന്ത്രി ഡോ. വിജയ് സിംഗ്ലയെ അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍. പിന്നാലെ, സിംഗ്ലയെ പഞ്ചാബ് പൊലീസിന്റെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു.
ടെണ്ടര്‍ അനുവദിക്കുന്നതിലും വകുപ്പുമായി ബന്ധപ്പെട്ടു സാധനങ്ങള്‍ വാങ്ങുന്നതിലും ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സിംഗ്ലയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കിയത്. സിംഗ്ലയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി മാന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഡോ. സിംഗ്ല തന്നോട് കുറ്റം സമ്മതിച്ചതായും അദ്ദേഹത്തെ പുറത്താക്കുന്നതിലൂടെ അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സന്ദേശം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും മന്‍ പറഞ്ഞു.
”ഒരു മന്ത്രി വകുപ്പുമായി ബന്ധപ്പെട്ട ഓരോ ടെണ്ടറിനും പര്‍ച്ചേസിനും ഒരു ശതമാനം കമ്മിഷന്‍ ആവശ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടു. സംഭവത്തെക്കുറിച്ച് എനിക്ക് മാത്രമേ അറിയൂ. മാധ്യമങ്ങള്‍ക്കോ പ്രതിപക്ഷത്തിനോ ഒരു ധാരണയുമില്ലായിരുന്നു. ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍, അത് മൂടിവയ്ക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഞാന്‍ എന്റെ മനസ്സാക്ഷിയെ മാത്രമല്ല, എന്നെ വിശ്വസിച്ച ലക്ഷക്കണക്കിന് ആളുകളെയും വഞ്ചിച്ചേനെ. മന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നു. അദ്ദേഹത്തെ പുറത്താക്കുന്നു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍
പൊലീസിനോട് നിര്‍ദേശിച്ചു. അദ്ദേഹം കുറ്റം സമ്മതിച്ചു. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ സത്യസന്ധമായ സര്‍ക്കാരാണ് ഞങ്ങളുടേത്. ഒരു രൂപയുടെ അഴിമതി പോലും ഞങ്ങള്‍ വച്ചുപൊറുപ്പിക്കില്ല,” മന്‍ പറഞ്ഞു.
Also Read: മകൾക്ക് നീതിയും, സമൂഹത്തിന് ഒരു സന്ദേശവും ലഭിച്ചു; വിസ്‌മയയുടെ അച്ഛൻ
സിംഗ്ലയുടെ അഴിമതിയോട് എഎപി സര്‍ക്കാരിനു ഒട്ടും വിട്ടുവീഴ്ചയില്ലെന്നു മന്‍ പറഞ്ഞു. രാജ്യത്ത് ഇതു രണ്ടാം തവണയാണ് സംഭവിക്കുന്നത്. 2015ല്‍ അരവിന്ദ് കേജ്‌രിവാള്‍ ഡല്‍ഹിയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഒരു രൂപയുടെ അഴിമതി പോലും പൊറുപ്പിക്കില്ലെന്ന് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ സ്വയം നന്നാകുക. രക്തസാക്ഷി ഭഗത് സിങ്ങിന്റെ ഖട്കര്‍ കലാന്‍ ഗ്രാമത്തില്‍ വച്ച് പ്രതിജ്ഞ ചൊല്ലിയ ഞങ്ങള്‍ അഴിമതി രഹിത സര്‍ക്കാര്‍ നയിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എഎപിയുടെ ചരിത്രപരമായ തീരുമാനമാണിതെന്നും മന്‍ പറഞ്ഞു.
”സര്‍ക്കാര്‍ രൂപീകരിച്ച് രണ്ടു മാസത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രി അഴിമതി നടത്തിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍ പറയും. പക്ഷേ ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു, പ്രതിപക്ഷം പോലും അറിയാതെയാണ് ഞാന്‍ നടപടി സ്വീകരിച്ചത്. തങ്ങളുടെ മന്ത്രിമാര്‍ മാഫിയയുടെ ഭാഗമാകുന്നത് അറിയാമായിരുന്നുവെന്ന് അവരുടെ മുഖ്യമന്ത്രിമാര്‍ പറഞ്ഞത്. എന്തുകൊണ്ട് അവര്‍ക്കെതിരെ നടപടിയെടുത്തില്ല? ഞാന്‍ എന്റെ മന്ത്രിയെ പുറത്താക്കുക മാത്രമല്ല, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ ഴപാലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഞങ്ങള്‍ രാജ്യത്ത് മാറ്റം കൊണ്ടുവരും,” മന്‍ പറഞ്ഞു.
അഴിമതിയുടെ പേരില്‍ സ്വന്തക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സത്യസന്ധതയും ധൈര്യവും നേരും ഉള്ള ഒരേയൊരു പാര്‍ട്ടിയാണ് തങ്ങളുടേതെന്നു എഎപി നേതാവ് രാഘവ് ഛദ്ദ പറഞ്ഞു. നേരത്തെ ഡല്‍ഹിയില്‍ കണ്ടു. ഇപ്പോഴതിനു പഞ്ചാബും സാക്ഷ്യം വഹിക്കുന്നു. അഴിമതിയോട് സഹിഷ്ണുതയില്ല. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രശംസനീയമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
മാന്‍സയില്‍നിന്നുള്ള എംഎല്‍എയാണു മന്ത്രിസഭയില്‍നിന്നു പുറത്താക്കപ്പെട്ട ഡോ. വിജയ് സിംഗ്ല. ദന്തഡോക്ടറായ അദ്ദേഹം നഗരത്തില്‍ ഡെന്റല്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് എഎപിയില്‍ ചേര്‍ന്നത്. സിംഗ്ലയെ പുറത്താക്കിയതോടെ ഭഗവന്ത് മന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം ഒന്‍പതായി ചുരുങ്ങി. ചട്ടപ്രകാരം പഞ്ചാബില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 18 മന്ത്രിമാർ വരെ ആവാം.