/indian-express-malayalam/media/media_files/2026/02/01/student-study-abroad-canada-2026-02-01-21-38-29.jpg)
എഐ നിർമിത ചിത്രം
ഉന്നത വിദ്യാഭ്യാസത്തിനായി ഏത് രാജ്യത്തേക്ക് പോകണം? പഠനത്തിന് ശേഷം ജോലി പിന്നാലെ റെസിഡന്റ് വിസ എന്നിവയൊക്കെ ലഭിക്കാൻ കൂടുതൽ എളുപ്പവും സാധ്യതയുമുള്ളത് ഏത് രാജ്യത്താണ്? ഇന്ത്യയിലെ വിദ്യാർഥികളിൽ ബഹുഭൂരിപക്ഷത്തിന്റേയും ചിന്ത ഈ​ വഴിക്ക് തിരിയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. എന്നാൽ സ്വന്തം നാട്ടിൽ ഒരു സംരംഭം വിജയിപ്പിച്ച് പണം വാരിക്കൂട്ടുന്നൊരു 18കാരൻ വേറിട്ട വഴിയിൽ ചിന്തിക്കാൻ രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാവുന്നു.
ഓപ്പൺ സ്കൂൾ വഴി 12ാം ക്ലാസ് പാസായതിന് ശേഷം പഞ്ചാബിലെ സെഹ്ന ഗ്രാമത്തിലെ സോഹൽപ്രീത് സിങ് സിദ്ധു ഐഇഎൽടി ക്ലാസിന് തയ്യാറെടുക്കുകയല്ല ചെയ്തത്. വിദേശ സർവകലാശാലകളിൽ അഡ്മിഷൻ ലഭിക്കാനും വിദ്യാഭ്യാസ വായ്പ ലഭിക്കാനുമുള്ള അപേക്ഷകൾ തയ്യാറാക്കുകയുമല്ല. പകരം തന്റെ ഡയറി ഫാമിലൂടെ പണം കൊയ്യുകയാണ്. ആറ് ലക്ഷത്തോളം രൂപയാണ് പ്രതിമാസം സോഹൽ തന്റെ ഡയറി ഫാമിലൂടെ സമ്പാദിക്കുന്നത്.
പ്രതിമാസം വരുമാനമായി ലഭിക്കുന്ന തുക മുഴുവനായിത്തന്നെ സംരംഭം വിപുലീകരിക്കാനായി സോഹൽ വീണ്ടും നിക്ഷേപിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ബർണാല സ്വദേശിയായ ബൽബീർ സിങ് സിദ്ധുവിന്റെ ഏക മകനാണ് സോഹൽപ്രീത്. പഞ്ചാബിന്റെ ഗ്രാമീണ മേഖലയിൽ ആധുനിക രീതിയിലെ ഒരു വൻകിട ഡയറി ഫാം നിർമിക്കുക, ഇതായിരുന്നു സോഹലിന്റെ ആശയം. ആ ആശയം സോഹൽ വിജയകരമായി പ്രാവർത്തികമാക്കി.
/indian-express-malayalam/media/post_attachments/2026/02/IMG_0396-997150.jpg?resize=600,433)
Also Read: അനന്തമായ അവസരങ്ങളുടെ പാത; കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ശോഭന ഭാവിക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി
15ാം വയസിൽ ആരംഭിച്ച യാത്ര
ഫാമിലൂടെ നേട്ടമുണ്ടാക്കുമ്പോഴും പന്ത്രണ്ടാം ക്ലാസുകൊണ്ട് പഠനം നിർത്താൻ സോഹൽ ഉദ്ധേശിക്കുന്നില്ല. വരാനിരിക്കുന്ന അധ്യയന വർഷത്തിൽ ഒരു വെറ്ററിനറി കോഴ്‌സിന് ചേരാനാണ് സോഹലിന്റെ ആലോചന. വിദേശത്തേക്കുള്ള കുടിയേറ്റം എന്ന സാധ്യതയിലേക്ക് സോഹൽ നോക്കുന്നതേയില്ല. മറിച്ച് പ്രായോഗികമായ അറിവ് രാജ്യത്ത് നിന്ന് തന്നെ നേടി തന്റെ സംരംഭത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താനാണ് സോഹൽ ചിന്തിക്കുന്നത്.
പതിനഞ്ചാം വയസിലാണ് സോഹൽ തന്റെ സംരംഭവുമായി ഈ യാത്ര ആരംഭിക്കുന്നത്. തന്റെ ഫാമിലേക്കായുള്ള ആദ്യത്തെ പോത്തിനെ വാങ്ങാൻ വീട്ടുകാരെ സോഹൽ സമ്മതിപ്പിച്ചു. ആ സമയത്ത് ഒരു ചെറിയ ഡയറി ഫാമിൻ്റെ ഭാഗമായി നാലോ അഞ്ചോ പോത്തുകൾ സോഹലിന്റെ വീട്ടിലുണ്ടായിരുന്നു.
Also Read: കേന്ദ്ര ബജറ്റ്; വില കുറയുന്നവയും കൂടുന്നവയും
2023ൽ ആണ് സോഹൽ ഫാമിലേക്കായുള്ള ആദ്യ പോത്തിനെ വാങ്ങിയത്. പിന്നെ കുടുംബത്തിൽ നിന്ന് ലഭിച്ച 1.20 ലക്ഷം രൂപ ഉപയോഗിച്ച് സോഹൽ വീട്ടിലുണ്ടായിരുന്ന അഞ്ച് കന്നുകാലികളുമായി സ്വന്തമായി ഡയറി ഫാം നിയന്ത്രിക്കാൻ തുടങ്ങി. ആദ്യ വർഷം ലഭിച്ച വരുമാനം കൂടുതൽ കന്നുകാലികളെ വാങ്ങാനായി സോഹൽ വീണ്ടും നിക്ഷേപിച്ചു. "ചെറുപ്പം മുതലേ എനിക്ക് ഡയറി ഫാമിങ്ങിൽ വലിയ താല്പര്യമുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്കായി എന്റെ കുടുംബം എപ്പോഴും കന്നുകാലികളെ വളർത്തിയിരുന്നു," സോഹൽപ്രീത് പറഞ്ഞു.
സംരംഭം ആരംഭിച്ച് വെറും മൂന്ന് വർഷം കൊണ്ട് 55 പോത്തുകളേയും 15 പശുക്കളേയും ഏകദേശം 50 കിടാക്കളേയും ഉൾപ്പെടെ 120ഓളം കന്നുകാലികളെ സോഹൽ വാങ്ങി. സോഹലിന്റെ ശേഖരത്തിൽ 53 മുറ പോത്തുകൾ, രണ്ട് നീലി രവി പോത്തുകൾ, 12 എച്ച്.എഫ് പശുക്കൾ, രണ്ട് ജേഴ്സി പശുക്കൾ, ഒരു സാഹിവാൾ പശു എന്നിവയുൾപ്പെടെയുള്ള മികച്ച ഇനങ്ങളുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2026/02/01/punjab-diary-farmer-sohalpreeth-2026-02-01-18-44-19.jpg)
ഏതൊരു സമയത്തും 50 മുതൽ 55 വരെ കന്നുകാലികളിൽ നിന്ന് സോഹലിന്റെ ഫാമിൽ പാൽ ലഭിക്കുന്നു. കൂടാതെ 15-20 എണ്ണം നിലവിൽ ഗർഭാവസ്ഥയിലുമാണ്. തന്റെ വരുമാനത്തിൽ നിന്ന് ഉടൻ തന്നെ 30 പോത്തുകളെ കൂടി വാങ്ങാൻ സോഹൽ ആലോചിക്കുന്നു. ഫാമിലെ വരുമാനം തടസമില്ലാതെ നിലനിർത്തുന്നതിനായി, പാൽ ലഭിക്കുന്നവയുടെയും ഗർഭാവസ്ഥയിലുള്ളവയുടെയും കൃത്യമായ അനുപാതം സോഹൽ നിരീക്ഷിക്കുന്നുണ്ട്.
Also Read: എസ്ടിടി വർധനവ് തിരിച്ചടിയായി; നിഫ്റ്റിക്കും സെൻസെക്സിനും ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം ബജറ്റ് ദിനം
"എന്നെ വിദേശത്തേക്ക് അയക്കാൻ പണം ചിലവാക്കരുതെന്ന് ഞാൻ മാതാപിതാക്കളോട് പറഞ്ഞു. അതിനുപകരം ഇവിടെ എന്റെ ബിസിനസിൽ നിക്ഷേപം നടത്തി എന്നെ പിന്തുണയ്ക്കുകയാണ് വേണ്ടത്," സോഹൽപ്രീത് പറഞ്ഞു. തുടക്കത്തിൽ സോഹലിന്റെ സംരത്തിൽ കുടുംബത്തിന് ഉറപ്പില്ലായിരുന്നുവെന്ന് പിതാവ് സമ്മതിക്കുന്നു.
നിലവിൽ സോഹലിന്റെ ഫാമിൽ നിന്ന് പ്രതിദിനം 650-700 ലിറ്റർ പാൽ ലഭിക്കുന്നു. ബർണാലയിൽ കളക്ഷൻ സെന്ററുള്ള ഒരു സ്വകാര്യ കമ്പനിക്കാണ് ഈ പാൽ വിൽക്കുന്നത്. പ്രതിമാസം പാൽ വില്പനയിലൂടെ ഏതാണ്ട് 10 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. ഇതിൽ 60 ശതമാനത്തോളം ലാഭമാണ്.
ആറ് തൊഴിലാളികളാണ് സോഹലിന്റെ ഫാമിൽ ജോലി ചെയ്യുന്നത്. ഇവിടെ കൈകൊണ്ടും മെഷീൻ ഉപയോഗിച്ചും പാൽ കറക്കുന്നുണ്ട്. പാൽ കറക്കാൻ മാത്രം ദിവസവും ഏകദേശം മൂന്ന് മണിക്കൂറോളം വേണ്ടിവരും. എങ്കിലും ഇതിലെ സാമ്പത്തിക നേട്ടം അനുകൂലമാണെന്ന് സോഹൽ ചൂണ്ടിക്കാണിക്കുന്നു.
തീറ്റ, പുല്ല്, കൂലി എന്നിവയ്ക്കാണ് പ്രധാനമായും ചെലവ് വരുന്നതെന്നും, മൃഗങ്ങളെ നന്നായി പരിപാലിച്ചാൽ മരുന്നിനായുള്ള ചെലവ് വളരെ കുറവാണെന്നും സോഹൽ പറയുന്നു. സ്വന്തമായി കൃഷി ചെയ്യുന്ന പച്ചപ്പുല്ല് ഉപയോഗിക്കുന്നതിനാൽ ലാഭവിഹിതം 60 ശതമാനത്തോളമാണ്. ഇത് ഓരോ വർഷവും 25-30 കന്നുകാലികളെ കൂടി വാങ്ങാൻ തന്നെ സഹായിക്കുന്നുവെന്ന് ഈ യുവ സംരംഭകൻ പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2026/02/01/sohalpreeth-singh-punjab-dairy-farmer-2026-02-01-18-46-00.png)
കുടുംബത്തിന് ഏകദേശം 20 ഏക്കർ സ്വന്തം ഭൂമിയുണ്ട്. ഇത് കൂടാതെ 22 ഏക്കർ പാട്ടത്തിനെടുത്തിട്ടുമുണ്ട്. ഇതിൽ ഒരു ഏക്കറിലാണ് ഡയറി ഫാം. ശാസ്ത്രീയമായ ആസൂത്രണത്തോടെ ഓരോ വർഷവും ഫാം വിപുലീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. കന്നുകാലികൾക്ക് തീറ്റ നൽകാൻ പ്രത്യേക ഇടങ്ങൾ, ഷെഡുകൾ, പോത്തുകളെ കുളിപ്പിക്കാൻ വെള്ളക്കെട്ട് എന്നിവ ഇവിടെയുണ്ട്. കൂടാതെ, ഗോതമ്പ്, നെല്ല്, ചോളം, കാലിത്തീറ്റ വിളകൾ എന്നിവയും ഇവർ കൃഷി ചെയ്യുന്നു. വർഷം മുഴുവനും കാലിത്തീറ്റ ഉൽപ്പാദിപ്പിക്കുന്നതിനായി മാത്രം ഏകദേശം 4.5 ഏക്കർ സ്ഥലം നീക്കിവെച്ചിരിക്കുകയാണ്.
Also Read: ആദായനികുതി നിയമത്തിൽ വൻ അഴിച്ചുപണി, എന്തൊക്കെ മാറ്റങ്ങൾ ?
അനുഭവസമ്പത്തിന് പകരമായി മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുമ്പോഴും, ഔദ്യോഗിക വിദ്യാഭ്യാസവും അത്യാവശ്യമാണെന്ന് സോഹൽപ്രീത് പറയുന്നു. "വലിയ തലത്തിൽ ഒരു സംരംഭം നടത്തണമെങ്കിൽ അതിനെ കുറിച്ചുള്ള അറിവ് ആവശ്യമാണ്. പ്രായോഗിക പരിചയവും ബിരുദവും ഒത്തുചേരുന്നത് കൂടുതൽ കരുത്ത് നൽകും," സോഹൽ അഭിപ്രായപ്പെട്ടു.
സോഹലിന്റെ വാക്കുകൾ ഇങ്ങനെ, "കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു, കന്നുകാലികളെ കറക്കുന്നത് മുതൽ അവയ്ക്ക് തീറ്റ നൽകുന്നതും തീറ്റ തയ്യാറാക്കുന്നതും അസുഖം വരുമ്പോൾ ചികിത്സിക്കുന്നതും വരെ. പുലർച്ചെ 4.30ന് ഞാൻ ഉണരും. ഷെഡുകളുടെ ശുചിത്വം ഉറപ്പാക്കുകയും പാൽ കറക്കുന്നതിന് മുമ്പ് ഓരോ മൃഗത്തെയും പരിശോധിക്കുകയും ചെയ്യും."
"തുടക്കത്തിൽ ഞങ്ങൾ നല്ല ഇനത്തിൽപ്പെട്ടതല്ലാത്ത ചില പോത്തുകളെ വാങ്ങി. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചു. എന്നാൽ അവയെല്ലാം ഓരോ പാഠങ്ങളായിരുന്നു. ഒരാൾ ഒരു ബിസിനസ് നടത്തുകയാണെങ്കിൽ ആ ബിസിനസുമായി ബന്ധപ്പെട്ട ഓരോ കാര്യവും സ്വയം ചെയ്ത് അറിവുണ്ടാവണം. അതിലൂടെ മറ്റാരെയും ആശ്രയിക്കാതെ നിർണായക സമയങ്ങളിൽ പിടിച്ചുനിൽക്കാനാവും."
"ഡയറി ഫാമിങ് എന്റെ അഭിനിവേശമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷം നൽകുന്ന ഒന്നാണ്. അല്ലാതെ ഭാരമല്ല. എനിക്ക് പഞ്ചാബ് വിട്ടുപോകാൻ താല്പര്യമില്ല. എന്റെ ഭാവി ഇവിടെയാണ്," സോഹൽപ്രീത് നിലപാട് വ്യക്തമാക്കുന്നു.
Read More: അമേരിക്കൻ താരിഫുകളെ ചെറുക്കാൻ ബജറ്റിൽ പ്രതിരോധ കവചം: കയറ്റുമതി മേഖലയ്ക്ക് ആശ്വാസവുമായി നിർമല സീതാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us