ചൂടേറിയ പ്രചാരണങ്ങൾക്കൊടുവിൽ പഞ്ചാബ് പോളിങ് ബൂത്തിലേക്ക്. ഞായറാഴ്ച ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 117 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 1,304 സ്ഥാനാർത്ഥികൾ ജനവിധി തേടും. 2.14 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും.
നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും മൂന്ന് മുൻ മുഖ്യമന്ത്രിമാരും ഈ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നു. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന, ശിരോമണി അകാലിദൾ രക്ഷാധികാരിയായ 94-കാരനായ പ്രകാശ് സിംഗ് ബാദൽ, രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന അഞ്ച് മാസം മുമ്പ് കോൺഗ്രസ് നീക്കം ചെയ്ത ക്യാപ്റ്റൻ അമരീന്ദർ സിങ്ങും മുൻ മുഖ്യമന്ത്രി രജീന്ദർ കൗർ ഭട്ടലും ഇത്തവണ മത്സര രംഗത്തുണ്ട്. അവർ യഥാക്രമം ലാംബി, പട്യാല, ലെഹ്റ ഗാഗ എന്നിവിടങ്ങളിൽ നിന്നാണ് മത്സരിക്കുന്നത്.
നിലവിലെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നി സ്വന്തം തട്ടകമായ ചാംകൗർ സാഹിബിൽ നിന്ന് വീണ്ടും ജനവിധി തേടുന്നു. ബദൗറിലും അദ്ദേഹം മത്സരിക്കുന്നുണ്ട്. താൻ മത്സരിക്കുന്ന രണ്ട് സീറ്റുകളിൽ വിജയിക്കുക മാത്രമല്ല കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുക എന്ന വെല്ലുവിളി കൂടിയാണ് ചന്നിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിലുള്ളത്.
അമൃത്സർ (ഈസ്റ്റ്) മണ്ഡലത്തിലാണ് പിസിസി അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദു മത്സരിക്കുന്നത്. മുൻ അകാലി മന്ത്രി ബിക്രം സിങ് മജീതിയയാണ് സിദ്ദുവിന്റെ എതിരാളി. സിദ്ദുവിനും മജിത്തിയയ്ക്കും ഇത് നിലനിൽപിന്റെ പോരാട്ടമാണ്. കോൺഗ്രസിൽ പ്രസക്തി നിലനിർത്താൻ, സിദ്ദുവിന് സീറ്റ് നേടേണ്ടത് പ്രധാനമാണ്. മയക്കുമരുന്ന് കള്ളക്കടത്ത് കേസ് നേരിടുന്ന, സുപ്രീം കോടതി ഉത്തരവനുസരിച്ച് തിരഞ്ഞെടുപ്പിന് ശേഷം കീഴടങ്ങേണ്ടി വരുന്ന മജീതിയ, ജനകീയ കോടതിയിൽ കുറ്റവിമുക്തനാക്കപ്പെടുമെന്നതിനാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആഗ്രഹിക്കുന്നു. സിദ്ദു മജീതിയയെ കള്ളക്കടത്തുകാരൻ എന്ന് വിളിക്കുമ്പോൾ, വിജയിക്കുവാനും “അഹങ്കാരിയായ സിദ്ധുവിനെ ഒരു പാഠം പഠിപ്പിക്കാനും” താൻ മത്സരത്തിലാണെന്ന് മജീദിയ പ്രഖ്യാപിച്ചു.
Also Read: കർണ്ണാടക: ഹിജാബ് അഴിക്കാൻ വിസമ്മതിച്ചതിനും പ്രതിഷേധിച്ചതിനും 58 വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ
അമരീന്ദറിനും ഇത് അഭിമാന പോരാട്ടമായിരിക്കും. കോൺഗ്രസിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്ന്, അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി (പിഎൽസി) രൂപീകരിക്കുകയും തിരഞ്ഞെടുപ്പിനായി ഭാരതീയ ജനതാ പാർട്ടിയുമായി (ബിജെപി) സഖ്യമുണ്ടാക്കുകയും ചെയ്തു. “കോൺഗ്രസിന് ഒരു സന്ദേശം നൽകണമെങ്കിൽ അദ്ദേഹത്തിന് ഈ സീറ്റ് (പട്യാല) ജയിക്കണം. അല്ലാത്തപക്ഷം, അത് അദ്ദേഹത്തിന് നാണക്കേടാകും,” ഒരു രാഷ്ട്രീയ നിരീക്ഷകൻ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് സിംഗ് മാന്, ധുരിയിലെ സ്വന്തം തിരഞ്ഞെടുപ്പ് പോരാട്ടം മാത്രമല്ല, തന്റെ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ 59 എന്ന മാന്ത്രിക സംഖ്യയിലെത്തിക്കാനുള്ള പോരാട്ടം കൂടിയാണിത്. കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിക്കുള്ളിലെ സ്ഥിരതയാർന്ന പോരാട്ടത്തെ തുടർന്നാണ് മന്നിനെ എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
പിതാവിന്റെ നിഴലിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിനും ഇത് അഭിമാന പോരാട്ടമാണ്. ആദ്യമായി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സുഖ്ബീർ ജനവിധി തേടുകയാണ്. നേരത്തെ പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലാണ് അകാലികൾ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
2017ൽ 77 സീറ്റുകൾ നേടി കോൺഗ്രസ് മുന്നിട്ടുനിന്നപ്പോൾ, 20 സീറ്റുകൾ നേടി നവാഗതരായ എഎപി മുഖ്യപ്രതിപക്ഷമായി മാറി. 2017ൽ ഇറങ്ങിയ കുഴികളിൽ നിന്ന് തന്റെ പാർട്ടിയെ കരകയറ്റുക എന്ന ദൗത്യമുള്ള സുഖ്ബീറിന് ഇത് ഒരു പ്രധാന പോരാട്ടമാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എസ്എഡി വിധാൻസഭയിലെ എക്കാലത്തെയും മോശം നിലയിലായിരുന്നു കഴിഞ്ഞ അഞ്ച് വർഷ കാലം.
എസ്എഡി (സംയുക്ത്) തലവൻ സുഖ്ദേവ് ദിൻഡ്സയുടെ മകൻ പർമീന്ദർ സിങ് ധിൻഡ്സയാണ് ലെഹ്റ ഗാഗയിൽ ബാദലിനെതിരെ മത്സരിക്കുന്നത്.
കാർഷിക സംഘടനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെടുന്ന സംയുക്ത സമാജ് മോർച്ചയുടെ (എസ്എസ്എം) ബൽബീർ സിംഗ് രാജേവാളും ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.
ഇവരെക്കൂടാതെ 16 ക്യാബിനറ്റ് മന്ത്രിമാരും കാബിനറ്റ് മന്ത്രി ബ്രഹ്മ മൊഹീന്ദ്രയുടെ മകൻ മോഹിത് മൊഹീന്ദ്രയും ജനവിധി തേടുന്നു.