ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തെപ്പോലെ സുപ്രീം കോടതിയെ സമീപിക്കുമെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്. നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കിയതിനു പിന്നാലെയാണു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞ്. നിയമസഭയ്ക്കു പുറത്തു മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക  സംഭാഷണത്തിലായിരുന്നു വെളിപ്പെടുത്തൽ.

മതത്തിന്റെ പേരിലുള്ള ഒരു വിവേചനവും അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് പഞ്ചാബ് നിയമസഭ കേരളത്തിനു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യമായി പ്രമേയം പാസാക്കുന്നത് പഞ്ചാബിലാണ്. മറ്റ് സംസ്ഥാനങ്ങളും ഉടന്‍ പ്രമേയം പാസാക്കുമെന്നാണ് വിവരം. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് രൂക്ഷവിമർശനമുന്നയിച്ചു.

Read Also: മഴ പ്രതീക്ഷിക്കേണ്ട, കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരും

“ഉത്തര്‍പ്രദേശില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് എന്താണ് നടക്കുന്നത്? രാജ്യത്ത് എല്ലായിടത്തും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. ജര്‍മനിയിലും ഇതു തന്നെയാണ് സംഭവിച്ചത്. ആദ്യം കമ്യൂണിസ്റ്റുകളെ അവര്‍ ലക്ഷ്യംവച്ചു. പിന്നെ, ജൂതരെ. അതിനു സമാനമാണ് ഇന്ത്യയില്‍ നടക്കുന്നതും. സ്വരമുയര്‍ത്താനുള്ള സമയമാണിത്. പാവപ്പെട്ടവര്‍ എവിടെ പോയി ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കണമെന്നാണ് ഇവര്‍ പറയുന്നത്? വല്ലാത്തൊരു വിരോധാഭാസമാണിതെല്ലാം. ഇതെല്ലാം കാണേണ്ടി വന്നതില്‍ വലിയ ദുഃഖം തോന്നുന്നു. ഞാന്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ എന്നുപോലും ആഗ്രഹിച്ചുപോകുന്നു. സാഹോദര്യം തകര്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്” കേന്ദ്രത്തെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് പറഞ്ഞു.

ഡിസംബർ 31 ന് കേരള നിയമസഭയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ  പ്രമേയത്തെ എതിർത്തിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook