ഛണ്ഡീഗഡ്: രാജ്യത്താകമാനം മദ്യ വിൽപനയെ പ്രതികൂലമായി ബാധിച്ച സുപ്രീം കോടതി വിധിയെ മറികടക്കാൻ പഞ്ചാബിൽ കോൺഗ്രസ് സർക്കാർ നിയമ ഭേദഗതി പാസാക്കി. ഇനി സംസ്ഥാനത്തെ ദേശീയ പാതയോരത്തുള്ള ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യം വിളമ്പാൻ സാധിക്കും.

ബജറ്റ് സെഷന്റെ അവസാന ദിവസമാണ് എക്സൈസ് നിയമ ഭേദഗതി ബിൽ മന്ത്രി സഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തത്. ദേശീയ പാതയുടെ അര കിലോമീറ്റർ പരിധിയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ക്ലബുകളിലും മദ്യം വിളമ്പരുതെന്ന സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ നിയമം ഭേദഗതി ചെയ്യുമെന്ന് നേരത്തേ വാർത്ത വന്നിരുന്നു.

നിയമഭേദഗതിയുടെ പിൻബലത്തിൽ പഞ്ചാബിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ ഇനി ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ക്ലബുകളിലും മദ്യം വിളമ്പാനാകും. വിനോദസഞ്ചാര മേഖലയ്ക്ക് ശക്തി പകരാൻ മദ്യവിൽപ്പന അനിവാര്യമാണെന്ന് ബില്ലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ക്ലബുകളിലും മദ്യം വിളമ്പാതിരുന്നാൽ അവയുടെ നിലനിൽപ് പോലും അപകടത്തിലാകും. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ ഭരണഘടനാ ഭേദഗതി കൂടിയേ തീരുവെന്നും ബിൽ പറഞ്ഞു.

ബിൽ പാസാക്കുന്ന സമയത്ത് അകലിദൾ, ബിജെപി, ആംആദ്മി പാർട്ടി അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നില്ല. ചോദ്യോത്തര വേളയിൽ തന്നെ മൂന്ന് പാർട്ടി അംഗങ്ങളും സഭയിൽ നിന്ന് വാക്കൗട്ട് നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ