ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ തർക്കങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ക്യാപ്റ്റൻ അമരീന്ദർ സിങ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒരുമാസത്തിന് ശേഷമാണ് അമരീന്ദർ പുതിയ പാർട്ടി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ നടക്കുന്ന കർഷക സമരം കർഷകരുടെ താൽപര്യങ്ങൾ അംഗീകരിക്കപ്പെട്ട ശേഷം അവസാനിക്കുകയാണെങ്കിൽ വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും അമരീന്ദർ പറഞ്ഞു.
പഞ്ചാബിന്റെ ഭാവിയിലേക്കുള്ള പോരാട്ടം പുരോഗമിക്കുകയാണെന്നും സ്വന്തം രാഷ്ട്രീയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്നും മാധ്യമ ഉപദേശകൻ രവീൺ തുക്രാലിന്റെ ട്വീറ്റർ അക്കൗണ്ടിൽ അമരീന്ദർ പറഞ്ഞു. സംസ്ഥാനത്തിന്റെയും, കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ അടക്കമുള്ള ജനങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി താൻ പ്രവർത്തിക്കുമെന്നും അമരീന്ദർ അവകാശപ്പെട്ടു.
കൂടാതെ, കർഷകരുടെ താൽപ്പര്യാർത്ഥം കാർഷിക പ്രശ്നം പരിഹരിക്കണമെന്ന വ്യവസ്ഥയോടെ, അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയിലെത്താനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും ക്യാപ്റ്റൻ പറയുന്നു. “വേർപിരിഞ്ഞ അകാലി ഗ്രൂപ്പുകൾ, പ്രത്യേകിച്ച് ദിന്ദ്സ, ബ്രഹ്ംപുര വിഭാഗങ്ങൾ തുടങ്ങിയ സമാന ചിന്താഗതിയുള്ള പാർട്ടികളുമായുള്ള സഖ്യതത്തിനായും ശ്രമിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഭാവി സുരക്ഷിതമാക്കുന്നതുവരെ താൻ വിശ്രമിക്കില്ലെന്നും പഞ്ചാബിന് രാഷ്ട്രീയ സ്ഥിരതയും, ആന്തരികവും ബാഹ്യവുമായ ഭീഷണികളിൽ നിന്ന് സംരക്ഷണവും ആവശ്യമാണെന്നും പറഞ്ഞു. പഞ്ചാബിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
കോൺഗ്രസിന്റെ പഞ്ചാബ് യൂണിറ്റിനുള്ളിലെ സംഘർഷങ്ങൾക്കിടയിൽ, പാർട്ടി ഹൈക്കമാൻഡ് കഴിഞ്ഞ മാസം ക്യാപ്റ്റൻ അമരീന്ദർ സിംഗിനോട് തന്റെ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. നവജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന കോൺഗ്രസ് യൂണിറ്റ് തലവനായി നിയമിച്ചതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്.
അതേസമയം, അമരീന്ദർ ബിജെപിയും ശിരോമണി അകാലിദളുമായി സഖ്യത്തിലാവുമെന്ന് താൻ എപ്പോഴും പറഞ്ഞിരുന്നതായി അമരീന്ദറിന്റെ പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് പഞ്ചാബ് കാബിനറ്റ് മന്ത്രി പർഗത് സിങ് പറഞ്ഞു. “കള്ളി വെളിച്ചത്തായി. അദ്ദേഹം ബിജെപിയുമായും എസ്എഡിയുമായും ഒത്തുചേർന്നുവെന്ന് ഞാൻ എപ്പോഴും പറഞ്ഞിരുന്നു. ബിജെപിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തുറന്നു. താമസിയാതെ എസ്എഡിയുമായിള്ള ബന്ധവും പുറത്തുവരും,” പർഗത് സിങ് പറഞ്ഞു.
അമരീന്ദറിന്റെ പുതിയ പാർട്ടി സംബന്ധിച്ച പ്രഖ്യാപനത്തിന് ശേഷം അദ്ദേഹത്തിന്റെ പത്നി പ്രീനിത് കൗർ പാർട്ടി വിടാതിരിക്കുന്നതിനായി കോൺഗ്രസ് ശ്രമങ്ങൾ ആരംഭിച്ചു.
Also Read: ലഖിംപൂർ ഖേരി: നാല് പേർ കൂടി അറസ്റ്റിൽ
പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷം, താൻ ബിജെപിയിൽ ചേരുന്നില്ലെന്നും എന്നാൽ വീഴ്ചയിലേക്ക് പോകുന്ന കോൺഗ്രസിനെ ഉപേക്ഷിക്കുമെന്നും അമരീന്ദർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ അദ്ദേഹം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയപ്പോൾ ബിജെപിയിലേക്ക് പോവുമെന്ന ഊഹാപോഹങ്ങൾക്ക് ശക്തി കൂട്ടിയിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിടാൻ ശ്രമിച്ചു. കർഷക പ്രക്ഷോഭത്തെക്കുറിച്ചും പഞ്ചാബ് സംസ്ഥാനവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനാണ് അമരീന്ദർ അമിത്ഷായെ കണ്ടതെന്നായിരുന്നു അന്ന് മാധ്യമ ഉപദേഷ്ടാവ് പറഞ്ഞത്.
സെപ്റ്റംബർ 18 -ന് രാജി സമർപ്പിച്ചതിന് ശേഷം നൽകിയ അഭിമുഖങ്ങളിൽ അമരീന്ദർ ബിജെപിക്കെതിരെ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. കൂടാതെ, അമരീന്ദറിനെ ബിജെപി ശക്തമായി പ്രതിരോധിച്ചതോടെ, മുൻ മുഖ്യമന്ത്രി പാർട്ടിയിൽ ചേരുമോ എന്ന് രാഷ്ട്രീയ ഊഹാപോഹങ്ങൾ വ്യാപകമായിരുന്നു.