പുണെ: ഇന്ത്യ അത്യപൂർവമായൊരു ശസ്ത്രക്രിയയിലേക്ക് ഉറ്റുനോക്കുകയാണ്, വളരെ പ്രതീക്ഷയോടെ. ഗർഭപാത്രത്തിലെ തകരാറുകൾ മൂലം കുഞ്ഞുങ്ങളില്ലാത്ത ഒട്ടനേകം പേർക്ക് പ്രതീക്ഷ പകരുന്ന ഒന്ന്. അമ്മയുടെ ഗർഭപാത്രം മകൾക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ. താൻ വളർച്ച പ്രാപിച്ച അമ്മയുടെ വയറ്റിലെ ഗർഭപാത്രം സ്വന്തം ശരീരത്തിലേക്ക് മാറ്റിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ബറോഡ സ്വദേശിനി രൂപാൽ. പുണെയിലെ ആശുപത്രിയിൽ മെയ് 18 നാണ് രാജ്യത്തെ ആദ്യ ഗർഭപാത്രം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ നടക്കുന്നത്.

എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ നാല് തവണയാണ് രൂപാൽ (26) ഗർഭം ധരിച്ചത്. രണ്ട് കുട്ടികളെ ചാപിള്ളയായാണ് രൂപാലിന് ലഭിച്ചത്. ഗർഭപാത്രത്തിലെ തകരാറുകൾ മൂലം രണ്ട് തവണ ഗർഭം അലസിപ്പിക്കേണ്ടിയും വന്നു. “ഞാൻ ഒരുപാട് അനുഭവിച്ചു കഴിഞ്ഞു, ഇപ്പോഴെനിക്ക് ഭയമില്ല” രൂപാൽ പറഞ്ഞു.

“എന്റെ മകൾക്ക് സ്വന്തം കുഞ്ഞിനെ ലഭിക്കാനാണ് ഞാനിത് ചെയ്യുന്നത്”എന്ന് രൂപാലിന്റെ അമ്മ പറഞ്ഞു. സോലാപൂർ സ്വദേശിനി സ്വാതി (22) യും മെയ് 19 ന് ഗർഭപാത്രം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ‌്ക്ക് വിധേയയാകും.

“ആർത്തവം വൈകുന്നത് മൂലമുള്ള പ്രശ്നമാണെന്നാണ് ഞങ്ങൾ കരുതിയത്. വിവാഹിതരായി ആറ് മാസം കഴിഞ്ഞപ്പോൾ രൂപാലിന് ഗർഭപാത്രം ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എന്റെ ഗർഭപാത്രം കൊണ്ട് ഇനിയെന്താണ് ഉപയോഗം. അത് മകൾക്ക് നൽകിയാൽ അവൾക്കെങ്കിലും ഗർഭം ധരിക്കാമല്ലോ” സ്വാതിയുടെ അമ്മ പറഞ്ഞു.

“എന്റെ ഭർത്താവ് നല്ല പിന്തുണ നൽകുന്നുണ്ട്” സ്വാതി പറഞ്ഞു. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന രൂപാലും തന്റെ ഭർത്താവ് പിന്തുണയുമായി ഒപ്പമുണ്ടെന്ന് പറഞ്ഞു. “കഴുത്തിൽ കുരുക്ക് വീണ് എന്റെ ആദ്യത്തെ കുഞ്ഞ് ഗർഭാവസ്ഥയിൽ തന്നെ മരിച്ചു. രണ്ടാമത്തെ കുട്ടി ചാപിള്ളയായാണ് പിറന്നത്. എന്റെ ഭർത്താവ് ഈ സമയത്തെല്ലാം എന്റെ വേദന പൂർണമായും മനസിലാക്കി.” സ്വാതി പറഞ്ഞു.

മെയ് 9 നാണ് ഇരുവരും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. ശസ്ത്രക്രിയ സമ്പൂർണ വിജയമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. “ശസ്ത്രക്രിയക്കുള്ള സാങ്കേതിക സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച സംഘമാണ് ഈ സൗകര്യങ്ങൾ പരിശോധിക്കാനെത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിനുള്ള അനുമതി സംഘം നൽകിയിട്ടുണ്ട്.” ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടറായ ഡോ.ശൈലേഷ് പുൻതംബേക്കർ പറഞ്ഞു.

ലോകത്താകമാനം 25 ഗർഭപാത്രം മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. 2002 ൽ സൗദി അറേബ്യയിൽ നടത്തിയ ശസ്ത്രക്രിയയാണ് ആദ്യമായി വിജയിച്ചത്. എന്നാൽ ഗർഭം ധരിക്കാൻ സാധിച്ചില്ല. പിന്നീട് തുർക്കിയിൽ 2011 ൽ നടന്ന ശസ്ത്രക്രിയയ്‌ക്ക് ശേഷം എട്ട് ആഴ്ചകളോളം ഗർഭം ധരിക്കാൻ സ്ത്രീക്ക് സാധിച്ചു. അന്ന് മസ്തിഷ്ക മരണം സംഭവിച്ച ആളിന്റെ ഗർഭപാത്രമാണ് മാറ്റിവച്ചിരുന്നത്. ഇതേ വർഷം തന്നെ സ്വീഡനിലാണ് ഗർഭപാത്രം മാറ്റിവച്ച് ആദ്യത്തെ കുഞ്ഞ് പിറന്നത്.

12 അംഗ ശസ്ത്രക്രിയ സംഘത്തിൽ, ഗൈനക്കോളജി വിദഗ്ദ്ധരും എൻഡോക്രൈനോളജിസ്റ്റ്, ഐവിഎഫ് വിദഗ്‌ധർ, എന്നിവരുണ്ടാകും. ആശുപത്രിയിലെ ഒരു നില ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളും സൗജന്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook