പുണെ: വിവാഹ മോചനം ലഭിക്കാന്‍ ഡോക്ടറായ ഭര്‍ത്താവ് എച്ച്ഐവി വൈറസ് തന്റെ ശരീരത്തിലേക്ക് ഇന്‍ജെക്ട് ചെയ്തുവെന്ന പരാതിയുമായി യുവതി രംഗത്ത്. തനിക്ക് എയിഡ്സ് ഉണ്ടെന്ന് സ്ഥാപിച്ച് വിവാഹ മോചനം നേടുകയാണ് ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ലക്ഷ്യമെന്നും യുവതി ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ ചിഞ്ച്വാട് സൗധാകര്‍ സ്വദേശിനിയായ 27 കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. സെക്ഷന്‍ 498 (എ), സെക്ഷന്‍ 323, 504, 506, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഹോമിയോപതി ഡോക്ടറും പരാതിക്കാരിയായ യുവതിയും വിവാഹിതരാകുന്നത് 2015ലാണ്. ‘2017ല്‍ നടത്തിയ ടെസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് താന്‍ എച്ച്ഐവി ബാധിതയാണെന്ന് യുവതി മനസ്സിലാക്കുന്നത്. 2017 ഒക്ടോബറില്‍ സലൈന്‍ ഡ്രിപ്പിലൂടെ ഭര്‍ത്താവ് തന്റെ ശരീരത്തിലേക്ക് വൈറസ് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് യുവതി ആരോപിക്കുന്നത്,’ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
‘ഞങ്ങള്‍ അവരോട് രക്തം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അത് ഇന്നു തന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. വൈറസ് ബാധ തുടങ്ങിയിട്ട് എത്ര നാളായെന്നും എങ്ങനെയാണ് ഇത് ബാധിച്ചതെന്നും ഞങ്ങള്‍ക്ക് കണ്ടെത്തണം. അക്കാര്യത്തില്‍ വിദഗ്ധാഭിപ്രായം അറിയാതെ അവരുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല,’ മുതിര്‍ന്ന ഉദ്യോഗസ്ഥന് സതീഷ് മാനെ പറയുന്നു.
യുവതി പൊലീസിന് നല്കിയ പരാതിയില്‍, വിവാഹത്തിനു ശേഷം ഭര്‍ത്താവും വീട്ടുകാരും അവരെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് പറയുന്നു. വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പിടാനായി, യുവതി അസുഖമായി കിടക്കുന്ന സമയത്ത് ഭര്‍ത്താവ് ശരീരത്തിലേക്ക് വൈറസ് പടര്‍ത്തി വിട്ടു എന്നാണ് ആരോപിക്കുന്നത്.