പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിട സമുച്ചയത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. മതില് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ 15 പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പൂനെയിലെ കൊന്ദ്വ ഏരിയയിലാണ് അപകടം നടന്നത്.
40 അടി ഉയരമുള്ള ഭീമന് മതിലാണ് കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നുവീണത്. മതിലിന് അരികിലായി താല്‍ക്കാലിക കുടില്‍ കെട്ടി താമസിച്ചിരുന്നവരാണ് അപകടത്തില്‍ പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിമാരും മേയറും അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വിവിധ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മതിലിന് വേണ്ടത്ര സുരക്ഷിതത്വം ഇല്ലായിരുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് മേയര്‍ അറിയിച്ചു.
പൂനെയിൽ കൊന്ദ്വ പ്രദേശത്ത് നിർമ്മാണ സ്ഥലത്തെ ചുറ്റുമതിൽ തകർന്നനിലയിൽ. എക്സ്പ്രസ് വീഡിയോ: അരുൺ ഹൊറൈസൺ pic.twitter.com/JG6uhvpmGu
— IE Malayalam (@IeMalayalam) June 29, 2019
ബിഹാർ, ബംഗാൾ സ്വദേശികളായ തൊഴിലാളി കുടുംബങ്ങളാണ് കുടിലുകളിൽ താമസിച്ചിരുന്നത്. ഫ്ലാറ്റിനു പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകളും തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.