പൂനെ: മലയാളി യുവതി പൂനെയിലെ ഓഫീസിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ പൂനെ പൊലീസ് കമ്മിഷണർ രശ്മി ശുക്ല. ഇൻഫോസിസ് കാംപസിലെ സുരക്ഷ സംവിധാനത്തെയും നിരീക്ഷണ സംവിധാനത്തെയുമാണ് അദ്ദേഹം വിമർശിച്ചത്. കോഴിക്കോട് സ്വദേശിനിയായ രസീല (24) ഞായറാഴ്ചയാണ് പൂനെയിലെ ഓഫീസിൽ സുരക്ഷ ജീവനക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
“എന്തിനാണ് അവധി ദിനമായ ഞായറാഴ്ച രസീലയെ ഒറ്റയ്ക്ക് ജോലി ചെയ്യാൻ അധികൃതർ വിട്ടത്? എന്തുകൊണ്ടാണ് ഓഫീസ് കാംപസിനകത്ത് നിരീക്ഷണ കാമറകൾ നോക്കുന്നതിന് ജീവനക്കാർ ഉണ്ടായില്ല? ഓഫീസിലെ കാമറകൾ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നെങ്കിൽ, സെക്യൂരിറ്റി ജീവനക്കാരൻ രസീലയെ അപായപ്പെടുത്തുന്നത് കാണാനും തടയാനും സാധിച്ചേനെ.”യെന്ന് അവർ ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
“ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പതിനൊന്ന് മണിവരെയാണ് രസീലയുടെ ജോലി സമയം. ഒറ്റയ്ക്ക് ഒരു പെൺകുട്ടി ഈ സമയത്ത് ജോലി ചെയ്യുന്നത് വളരെ വ്യത്യസ്തമാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട അപായ മണി ഓഫീസിൽ എന്തുകൊണ്ട് ഇല്ല? ഈ ചോദ്യങ്ങളെല്ലാം ഇൻഫോസിസ് മറുപടി പറയേണ്ടവയാണെന്ന്”അവർ പറഞ്ഞു.
ശക്തമായ ഭാഷയിൽ പ്രതകരിച്ച കമ്മിഷണർ, “സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ കൂടി ഉത്തരവാദിത്തമാണ്. പെൺകുട്ടികൾ ഒറ്റയ്ക്ക് ജോലി ചെയ്യരുതെന്നും, ഒറ്റയ്ക്കുള്ള ജോലി സമയങ്ങളിൽ ആത്മസുരക്ഷയ്ക്ക് എല്ലാ ജീവനക്കാരെയും പരിശീലിപ്പിക്കണം. കന്പനികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും” കൂട്ടിച്ചേർത്തു.
അതേസമയം ജീവനക്കാരുടെ സുരക്ഷ കാര്യത്തിൽ ഏറെ ശ്രദ്ധിക്കാറുണ്ടെന്ന് ഇൻഫോസിസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. “ഇത് ദൗർഭാഗ്യകരമായ സംഭവമാണ്. സുരക്ഷാ കാര്യങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് ഇത് ഓർമ്മപ്പെടുത്തുന്നു. എല്ലാ സമയത്തും പ്രവർത്തിക്കുന്ന സുരക്ഷ ഹെൽപ് ലൈൻ, സി.സി.ടി.വി കാമറകൾ, ഓഫീസ് കാംപസിലേക്കുളള പ്രവേശനം സെക്യൂരിറ്റി ജീവനക്കാർ വഴി നിയന്ത്രിച്ചിട്ടുണ്ട്. ജീവനക്കാരിൽ നിന്ന് നിശ്ചിത ഇടവേളകളിൽ സുരക്ഷ സംബന്ധമായ ആശയ വിനിമയം നടത്താറുണ്ട്. വൈകിട്ട് എട്ട് മണിക്ക് മുൻപ് സ്ത്രീ ജീവനക്കാർക്ക് ഓഫീസ് വിട്ടുപോകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രാത്രി വൈകി ഓഫീസിൽ നിന്ന് ഇറങ്ങുന്നവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും” പത്രക്കുറിപ്പിൽ കന്പനി പറയുന്നു.