മുംബൈ: ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസില്‍ ആര്യന് ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ആര്യന് പുറമെ അര്‍ബാസ് മെര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം നല്കി. നാളെയായിരിക്കും ആര്യന് ഖാനും മാറ്റുള്ളവരും ജയില്‍ മോചിതരാവുക.
ആര്യന് ഖാന് ലഹരിമരുന്നിന്റെ നേരിട്ടുള്ള ഉപഭോക്താവല്ലെന്നും പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷമായി സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിഭാഷകൻ എഎസ്ജി അനിൽ സിങ്ങ് പറഞ്ഞു. അര്യന് ഖാന് ബോധപൂര്‍വമാണ് ലഹരിമരുന്ന് കൈവശം വച്ചതെന്ന് കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
“ഒരാൾ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല എങ്കിലും, അത് കൈവശം വച്ചാല്‍ അയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുക്കാം. കുറ്റാരോപിതനായ ആര്യൻ ബോധപൂർവ്വം ലഹരിമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്” സിങ്ങ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ രണ്ടാം തിയതിയായരിന്നു ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യന് ഖാന് പിടിയിലായത്. മൂന്നാം തിയതി ആര്യന്റെ അറസ്റ്റും രേഖപ്പെടുത്തി. സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ ജാമ്യം നിഷേധിച്ചതോടെയായിരുന്നു ആര്യന് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്.
ആര്യൻ ഖാൻ ഉൾപ്പെട്ട ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) സ്വതന്ത്ര സാക്ഷിയായി ഉദ്ധരിച്ച സ്വയം പ്രഖ്യാപിത ഡിറ്റക്ടീവ് കിരൺ ഗോസാവിയെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തു. 2018ൽ രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിലാണ് പൂണെ പൊലീസ് പിടികൂടിയത്.
കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ ആര്യൻ ഖാനോടൊപ്പമുള്ള ഗോസാവിയുടെ സെൽഫി വൈറലായിരുന്നു. അതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയായിരുന്നു. ലഹരിമരുന്ന് വേട്ടയ്ക്കിടയിലെ ഇയാളുടെ സാന്നിധ്യത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഉത്തർപ്രദേശിലേക്ക് യാത്ര ചെയ്തിരുന്ന ഇയാൾ യുപി പൊലീസിനു കീഴടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ബുധനാഴ്ച പൂണെയിലേക്ക് പോയ ഇയാൾ, മുംബൈയിൽ സമീർ വാങ്കഡെയ്ക്ക് എതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുമെന്ന് ഒരു വാർത്താ ചാനലിനോട് പറഞ്ഞിരുന്നു. അതിനു ശേഷം പൂണെ പൊലീസിനു മുന്നിൽ കീഴടങ്ങാനും ഗോസാവി പദ്ധതിയിട്ടിരുന്നു.
എന്നാൽ ഇന്ന് രാവിലെ മുംബൈയിൽ എത്തുന്നതിനു മുൻപ് ഇയാളെ പൂണെ പൊലീസ് ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നുവെന്ന് പൂണെ പൊലീസ് കമ്മീഷണർ പറഞ്ഞു. ഒക്ടോബർ 13ന് പൂണെ സിറ്റി പൊലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Also Read: 2011 ൽ ഷാരൂഖ് ഖാൻ, 2021ൽ മകൻ ആര്യൻ; ഇരുവർക്കും തടസമായി ഒരേ ഉദ്യോഗസ്ഥൻ