പുനെ: എവറസ്റ്റ് കീഴടക്കിയെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച പോലീസ് ദമ്പതികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. എവറസ്റ്റിന് മുകളില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് വ്യാജമായി തയ്യാറാക്കിയതാണെന്ന് മനസിലാക്കിയതോടെയാണ് പുനെയിലെ പോലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനേഷ് റാത്തോഡിനും ഭാര്യ താരകേശ്വരിക്കും ജോലി നഷ്ടപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ ദമ്പതികളാണ് തങ്ങളെന്നായിരുന്നു ഇവരുടെ അവകാശവാദം. എവറസ്റ്റിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് നേപ്പാള്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്നും ഇവര്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയെടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന ആരോപണം ഉയര്‍ന്നതോടെ ദമ്പതികള്‍ക്കെതിരെ നേപ്പാള്‍ ടൂറിസം മന്ത്രാലയവും പൂനെ പൊലീസും അന്വേഷണം പ്രഖ്യാപിച്ചു. ഇരുവരും വ്യാജപ്രചരണം വഴി മഹാരാഷ്ട്ര പോലീസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയാണെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ