/indian-express-malayalam/media/media_files/uploads/2023/07/Scam.jpg)
പ്രതീകാത്മക ചിത്രം
പങ്കാളികളെ കണ്ടെത്താന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് മാട്രിമോണി സൈറ്റുകള്‍. എന്നാല്‍ ഇത്തരം സൈറ്റുകള്‍ വഴി തട്ടിപ്പുകളും നടക്കാറുണ്ട്. പൂനെ ആസ്ഥാനമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിന് 91.75 ലക്ഷം രൂപയാണ് നഷ്ടമായാണ്.
മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്കെതിരെയാണ് യുവാവിന്റെ പരാതി. ഫെബ്രുവരിയിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും ഫോണിലൂടെ സംസാരം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.
വിവാഹ ശേഷം നല്ലൊരു ഭാവിക്കായി ബ്ലെസ്കോയിന്‍ ട്രേഡിങ്ങില്‍ നിക്ഷേപം ആരംഭിക്കാന്‍ യുവതി പരാതിക്കാരനെ നിര്‍ബന്ധിക്കുകയായിരുന്നു. യുവതി പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ച യുവാവ് നിക്ഷേപത്തിനായി നിരവധി ബാങ്കുകളില്‍ നിന്ന് ലോണെടുക്കുകയും ചെയ്തു.
നിക്ഷേപത്തിന് മാത്രമായി ലോണ്‍ ആപ്പുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നുമായി 71 ലക്ഷം രൂപ യുവാവ് ലോണ്‍ എടുത്തതായാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി മുതല്‍ യുവതിയുടെ നിര്‍ദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് 86 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ നിക്ഷേപ തുക തിരിച്ചു ലഭിക്കാതെ ഇരുന്നതോടെയാണ് യുവാവിന് സംശയം തോന്നിയത്. വീണ്ടും പത്ത് ലക്ഷം രൂപയും വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതില്‍ 5.75 ലക്ഷം രൂപയും നല്‍കിയതിന് ശേഷമാണ് തട്ടിപ്പിന് ഇരയായതായി യുവാവിന് മനസിലായത്.
ആദര്‍ശ് നഗറില്‍ താമസിക്കുന്ന യുവാവ് ദെഹു റോഡ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ യുവതിയെ പിടികൂടാനുള്ള നീക്കങ്ങള്‍ അന്വേഷണസംഘം ആരംഭിച്ചു കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.