പുണെ: വിവാഹത്തിന്റെ ആദ്യ രാത്രി തന്നെ വധുവിന്റെ കന്യകാത്വ പരിശോധന നടത്തുന്ന ജാതി സഭയെ എതിർത്ത യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ചു. പുണെയിലെ പിംപ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രിയാണ് സംഭവം.

കന്യകാത്വ പരിശോധന അവസാനിപ്പിക്കുക എന്ന അർത്ഥം വരുന്ന “സ്റ്റോപ് വി-റിച്വൽ” എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾക്കാണ് മർദ്ദനം ഏറ്റത്. കഞ്ജർഭട്ട് സമുദായ അംഗങ്ങളായ യുവാക്കളാണ് സ്വ സമുദായത്തിലെ നീചമായ രീതിയെ എതിർത്ത് രംഗത്ത് വന്നത്.

പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിന്റെ (25) പരാതിയിൽ 30 ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇദ്ദേഹമടക്കം മൂന്ന് പേർക്കാണ് അക്രമത്തിൽ പരുക്കേറ്റത്.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി 9 മണിയോടെ അവസാനിച്ച വിവാഹച്ചടങ്ങിന് ശേഷം രാത്രി ജാതി സഭ ചേർന്നിരുന്നു. 10 മുതൽ 11.30 വരെ നീണ്ട ജാതി സഭ വധു-വരന്മാരിൽ നിന്ന് പണം ആവശ്യപ്പെട്ടു. പിന്നീട് വധുവിന്റെ കന്യകാത്വ പരിശോധനയുടെ നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ ചർച്ചയ്ക്കിടയിലാണ് വാട്സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് സംസാരമുണ്ടായത്.

സമുദായത്തിൽ തുടർന്ന് വരുന്ന ആചാരത്തെ എതിർക്കുന്നതിനെതിരെ സമുദായംഗങ്ങൾ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. സൗരഭ് ജിതേന്ദ്ര മക്കേൽ, പ്രശാന്ത് വിജയ് തമച്ചിക്കർ എന്നീ രണ്ട് യുവാക്കളെ വധുവിന്റെ സഹോദരൻ അടക്കമുള്ളവർ ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പ്രശാന്ത് അങ്കുഷ് ഇന്ദ്രേക്കറിനും മർദ്ദനമേറ്റു.

സൗരഭ് കോളേജ് വിദ്യാർത്ഥിയും ഇന്ദ്രേക്കർ റിയൽ എസ്റ്റേറ്റ് ഏജന്റും തമച്ചിക്കർ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. അമോൽ ഭട്ട്, മധുകർ ഭട്ട് എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ