പൂനെ: സിഇഒ അദാര്‍ പൂനവല്ലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി രൂപ തട്ടിയ കേസില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറും പ്രമുഖ ബാങ്ക് ജീവനക്കാരനുമടക്കം ഏഴുപേരെ പൂനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറില്‍ നിന്നുള്ള രാജീവ്കുമാര്‍ ശിവാജി പ്രസാദ്, ചന്ദ്രഭൂഷണ്‍ ആനന്ദ് സിംഗ്, കനയ്യ കുമാര്‍ ശംഭു മഹ്‌തോ, ഉത്തര്‍പ്രദേശില്‍ നിന്നുള്ള രവീന്ദ്ര കുമാര്‍ പട്ടേല്‍, മധ്യപ്രദേശിലെ റാബി കൗശല്‍പ്രസാദ് ഗുപ്ത, യാസിര്‍ നസിം ഖാന്‍, ആന്ധ്രാപ്രദേശിലെ പ്രസാദ് സത്യനാരായണ ലോബുഡു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സതീഷ് ദേശ്പാണ്ഡെയ്ക്ക് അദാര്‍ പൂനവല്ലയുടെ പ്രൊഫൈല്‍ ഉള്ള ഒരു നമ്പറില്‍ നിന്ന് വാട്‌സാപ്പ് സന്ദേശമയച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. അദാര്‍ പൂനവല്ലയാണ് സന്ദേശം അയച്ചതെന്ന് തെറ്റിദ്ധരിച്ച സതീഷ് ദേശ്പാണ്ഡെ എസ്‌ഐഐയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1,01,01,554 രൂപ ആ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് 1.35നും സെപ്തംബര്‍ എട്ടിന് 2.30നും ഇടയിലായിരുന്നു സംഭവം. അദാര്‍ പുനവാലായാണെന്നും ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നുമാവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്‌സാപ്പ് വഴി സന്ദേശം ലഭിച്ചത്. എത്രയും പെട്ടെന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു
ഇന്‍സ്പെക്ടര്‍ അശ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കമ്പനിയുടെ പണം വിവിധ സംസ്ഥാനങ്ങളിലെ 50 ഓളം ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. ഇതില്‍ ചില ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ച പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി.