ഇസ്‌ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്കിസ്ഥാൻ. ആക്രമണം ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്നും അന്വേഷണം നടത്താതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തരുതെന്നും പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലോകത്തെവിടെ ആയാലും ആക്രമണങ്ങളെ പാക്കിസ്ഥാൻ അപലപിക്കാറുണ്ട്. അന്വേഷണം നടത്താതെ പുൽവാമയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യൻ മാധ്യമങ്ങളും സർക്കാരും പറയുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read: പുൽവാമയിൽ ചാവേറാക്രമണം നടത്തിയത് 20 കാരനായ ഭീകരൻ

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിൽ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Also Read: ‘മാതൃരാജ്യത്തിന് വേണ്ടി എന്റെ രണ്ടാമത്തെ മകനേയും വിടാന്‍ തയ്യാറാണ്, പക്ഷെ…’

ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി 2,547 സിആർപിഎഫ് ജവാന്മാരാണ് യാത്ര ചെയ്തിരുന്നത്. പെട്ടെന്നായിരുന്നു ഒരു വാഹനത്തിലേക്ക് എസ്‌യുവി ഇടിച്ചു കയറ്റിയത്. ഈ വാഹനം പൂർണമായി കത്തിയെരിഞ്ഞു. മറ്റൊരു വാഹനത്തിന് കേടുപാട് പറ്റിയെങ്കിലും ആർക്കും പരുക്കില്ല.

Also Read: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ; സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

പുൽവാമയിലെ ഗുണ്ടിബാഗ് സ്വദേശിയായ ആദിൽ അഹമ്മദ് ദർ ആണ് ചാവേറാക്രമണം നടത്തിയതെന്ന് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അറിയിച്ചു. ഇയാൾക്ക് 20 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൽ ചേർന്നത്.

Also Read: ഭീകരര്‍ക്ക് അഭയം നല്‍കുന്ന പ്രവൃത്തി പാക്കിസ്ഥാന്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം: അമേരിക്ക

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ആക്രമണത്തിനും ഭീകരവാദത്തിനും പിന്നിലുളള ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാൻമാർ ജീവൻ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook