പുല്‍വാമ: ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരില്‍ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി. 82-ാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ ഉള്‍പ്പെടെ 44 പേരാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ചു മണിക്കാണ് സൈന്യത്തിൽ നിന്ന് ഔദ്യോഗികമായി മരണവിവരം ബന്ധുക്കളെ അറിയിച്ചത്.

അഞ്ചു ദിവസത്തെ അവധിക്ക് നാട്ടിൽ വന്ന വസന്തകുമാർ കഴിഞ്ഞ ഒമ്പതാം തീയതിയാണ് മടങ്ങിപോയത്. ബറ്റാലിയൻ മാറുന്നതിന്‍റെ ഭാഗമായുള്ള അവധിക്കാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമേ ജില്ലാ അധികൃതർ വീട്ടിലെത്തി മറ്റ് വിവരങ്ങൾ കൈമാറുകയുള്ളൂ. മൃതദേഹം എപ്പോൾ വീട്ടിലെത്തുമെന്ന കാര്യത്തിൽ അന്തിമ വിവരം ലഭിച്ചിട്ടില്ല. തൃക്കേപ്പറ്റയിലെ കുടുംബവീട്ടിൽ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ വൈകീട്ട് 3.25 നാണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഭീകരൻ വാഹനം ഇടിച്ചു കയറ്റിയത്. ജെയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ