ഇസ്‌ലാമാബാദ്: പാക്കിസ്ഥാനെ ഇന്ത്യ ആക്രമിച്ചാൽ തിരിച്ച് ആക്രമിക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾ വെറുതെ നോക്കിയിരിക്കുമെന്നാണോ ഇന്ത്യൻ ഭരണകൂടം കരുതുന്നത്. ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പുൽവാമ ആക്രമണത്തിൽ തെളിവുകൾ ഒന്നുമില്ലാതെ ഇന്ത്യൻ ഭരണകൂടം പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ആക്രമണത്തിൽ അന്വേഷണത്തിന് പാക്കിസ്ഥാൻ തയാറാണ്. തെളിവുകൾ നൽകിയാൽ നടപടിയെടുക്കും. ഇതൊരു പുതിയ പാക്കിസ്ഥാനാണ്, സമാധാനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇന്ത്യയെ ആക്രമിച്ചതുകൊണ്ട് ഞങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല. ചർച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Read: കശ്‌മീർ താഴ്‌വരയിൽ തോക്കെടുക്കുന്നവർ കൊല്ലപ്പെടും; ഭീകരർക്ക് മുന്നറിയിപ്പുമായി സൈന്യം

പാക് മണ്ണിൽ ഭീകരത വളർത്താൻ അനുവദിക്കില്ല എന്നത് സർക്കാർ നയമാണ്. പുൽവാമ ആക്രമണത്തിൽ പാക് വംശജരായ ആർക്കെങ്കിലും പങ്കുണ്ടെന്നത് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയാൽ ഉറപ്പായും നടപടി എടുക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ പാക് പങ്കുണ്ടെന്ന ഇന്ത്യൻ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പുൽവാമയിൽ ഫെബ്രുവരി 14 നുണ്ടായ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആയിരുന്നു ആക്രമണം നടത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook