ഡെറാഡൂൺ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്‌മീർ താഴ്‌വരയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കമാൻഡർ അടക്കം നാലു ഭീകരരാണ് കൊല്ലപ്പെട്ടത്. 17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. പോരാട്ടത്തിൽ മേജർ അടക്കം നാലു ഇന്ത്യൻ സൈനികർക്കും ജീവൻ നഷ്ടമായി. മേജർ വിഭൂതി ശങ്കർ ധോണ്ടിയാൽ, ജവാന്മാരായ ഷിയോ റാം, ഹരി സിങ്, അജയ് കുമാർ എന്നിവരാണ് മരിച്ചത്.

മേജർ വിഭൂതി ശങ്കറിന്റെ സംസ്കാര ചടങ്ങുകൾ ഡെറാഡൂണിൽ ഇന്നു രാവിലെയാണ് നടന്നത്. മേജർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വലിയൊരു ജനക്കൂട്ടം തന്നെ അവിടേക്കെത്തി. മേജറുടെ ഭാര്യ നികിത കൗൾ അന്ത്യ ചുംബനം നൽകിയും സല്യൂട്ട് അടിച്ചുമാണ് ഭർത്താവിന് വിട നൽകിയത്. നികിതയുടെ വികാരനിർഭരമായ യാത്രയയപ്പ് കണ്ടുനിന്ന സൈനിക ഉദ്യോഗസ്ഥരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു.

പുൽവാമയിൽ ഫെബ്രുവരി 14 നുണ്ടായ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ 17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ജെയ്ഷെ മുഹമ്മദിന്റെ മൂന്നു തലവാന്മാരെയും ഇന്ത്യൻ സൈന്യം വധിക്കുകയായിരുന്നു.

ജെയ്ഷെ മുഹമ്മദിന്റെ കശ്‌മീർ താഴ്‌വരയിലെ കമാൻഡർ കമ്രാൻ ആണ് കൊല്ലപ്പെട്ട ഭീരരിൽ ഒരാൾ. ഇയാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. പുൽവാമയിൽ ചാവേറാക്രമണത്തിനുളള പദ്ധതി തയാറാക്കിയത് ഇയാളെന്നാണ് കരുതുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ റാഷിദ്, കശ്‌മീർ സ്വദേശിയായ ഹിലാൽ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook