ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും. ഭീകരരെ നേരിടുന്നതിൽ സർക്കാരിനും സൈനികർക്കും ഒപ്പമാണ് പ്രതിപക്ഷം എന്നു പറഞ്ഞ രാഹുൽ ഭീകരാക്രമണം കൊണ്ട് ഇന്ത്യയെ വിഭജിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

”രാജ്യത്തെ വിഭജിക്കാനാണ് ഭീകരാക്രമണത്തിലൂടെ ഭീകരർ ലക്ഷ്യമിടുന്നത്. എന്നാൽ ഒരു നിമിഷം പോലും അവർക്ക് അതിനാവില്ല. പ്രതിപക്ഷം ജവാന്മാർക്കു സർക്കാരിനും ഒപ്പമാണ്. ഇന്ത്യയുടെ ഹൃദയത്തിനേറ്റ ആക്രമണമാണിത്. ഇതിനെ നേരിടാൻ സർക്കാർ എടുക്കുന്ന എന്ത് തീരുമാനത്തിനൊപ്പവും പ്രതിപക്ഷം നിൽക്കും,” രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read: ‘മാതൃരാജ്യത്തിന് വേണ്ടി എന്റെ രണ്ടാമത്തെ മകനേയും വിടാന്‍ തയ്യാറാണ്, പക്ഷെ…’

ഭീകരരുമായി ഒരു ചർച്ചയ്ക്കും രാജ്യം തയ്യാറല്ലെന്നും ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ”40 ധീര ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്. അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഭീകരാക്രമണ പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി നിന്ന് നേരിടും,” മൻമോഹൻ സിങ് പഞ്ഞു.

Read: അന്വേഷണം നടത്താതെ കുറ്റപ്പെടുത്തരുത്; പുൽവാമ ഭീകരാക്രമണത്തിൽ പ്രതികരണവുമായി പാക്കിസ്ഥാൻ

തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ഇന്നലെയുണ്ടായ ചാവേറാക്രമണത്തിൽ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.

Read: പുല്‍വാമ ഭീകരാക്രമണം: ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി

പുൽവാമയിലെ ഗുണ്ടിബാഗ് സ്വദേശിയായ ആദിൽ അഹമ്മദ് ദർ ആണ് ചാവേറാക്രമണം നടത്തിയതെന്ന് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അറിയിച്ചു. ഇയാൾക്ക് 20 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൽ ചേർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook