അംബല: ഹരിയാനയിലെ മുല്ലാനയില്‍ സ്ഥിതി ചെയ്യുന്ന മഹാരിഷി മാര്‍ക്കണ്ഡേശ്വര്‍ സര്‍വകലാശാലയില്‍ (എംഎംയു) കഴിഞ്ഞ ആറ് മാസമായി 25കാരനായ ആഖിബ് പഠിക്കുന്നുണ്ട്. എന്നാല്‍ ശനിയാഴ്ച ആഖിബ് ക്ലാസില്‍ പോയില്ല. രാവിലെ തന്നെ അദ്ദേഹം തന്റെ താടി മുഴുവന്‍ വടിച്ച് കളയുകയാണ് ആദ്യം ചെയ്തത്. ‘എല്ലാവരും സംശയത്തോടെ നമ്മളെ നോക്കുമ്പോള്‍ ആകെ പേടി തോന്നുകയാണ്. ഇതൊക്കെ കൊണ്ടാണ് ഞാന്‍ താടി വടിച്ച് കളഞ്ഞത്. ഇങ്ങനെയൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. ഇവിടെ ഇപ്പോള്‍ ഒറ്റയ്ക്ക് ആരും നടക്കാറില്ല. രാത്രി 2 മണിക്കൊക്കെ ഞങ്ങളുടെ മുറിയുടെ വാതിലില്‍ മുട്ടി പേടിപ്പിക്കുകയാണ്,’ ആഖിബ് പറഞ്ഞു.

മുല്ലാനയില്‍ വാടകയ്ക്ക് താമസിക്കുന്ന എല്ലാ കശ്മീരികളേയും 24 മണിക്കൂറിനകം പിടിച്ച് പുറത്താക്കണമെന്ന് ഗ്രാമത്തലവന്‍ ഉത്തരവിട്ടതിന് പിന്നാലെ എംഎംയു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ആശങ്ക പടര്‍ത്തി. മുല്ലാനയിലും സമീപത്തെ ഗ്രാമങ്ങളിലും താമസിക്കുന്ന 110ഓളം കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മറ്റൊരു വാടകവീട് തേടിയുളള ഓട്ടത്തിലാണ്. ക്യാംപസിനകത്ത് താമസിക്കുന്ന 400 ഓളം വരുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാനും സാധിക്കുന്നില്ല.

കഴിഞ്ഞ രാത്രി 50ഓളം വരുന്ന പൊലീസുകാര്‍ സര്‍വ്വകലാശാല ഹോസ്റ്റലിന് പുറത്ത് സുരക്ഷ ഒരുക്കിയിരുന്നു. പുല്‍വാമ ആക്രമണം ഉണ്ടായതിന് ശേഷം തങ്ങള്‍ പുറത്ത് പോയിട്ടില്ലെന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. അതില്‍ 20 ഓളം പേര്‍ പഞ്ചാബിലെ രാജ്പുരയില്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് മാറി താമസിച്ചു. ബാക്കിയുളളവര്‍ ഇപ്പോഴും ക്യാംപസിന് അകത്ത് തന്നെയാണ്.

വെളളിയാഴ്ചയാണ് മുല്ലാനയിലെ ഗ്രാമത്തലവന്‍ നരേഷ് ചൗഹാന്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ രംഗത്തെത്തിയത്. ’24 മണിക്കൂറിനകം മുല്ലാനയില്‍ വാടകയ്ക്ക് താമസിക്കുന്ന കശ്മീരില്‍ നിന്നുളള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും പുറത്താക്കണം. അവരുടെ പ്രവൃത്തികള്‍ നമ്മള്‍ നിരീക്ഷിക്കണം. വലിയ ഭീകരരുടെ സഹോദരങ്ങളും അവരുടെ കൂട്ടത്തിലുണ്ട്. നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ കോളേജില്‍ അവര്‍ മധുരം വിതരണം ചെയ്തിട്ടുണ്ട്. കശ്മീരികള്‍ക്ക് താമസസൗകര്യം നല്‍കുന്നവര്‍ ഗ്രാമത്തിനും ദേശത്തിനും ദ്രോഹം ചെയ്യുന്നവരായിരിക്കും,’ ചൗഹാന്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഓരോരുത്തരെയായി വീടുകളില്‍ നിന്നും വാടക കെട്ടിടങ്ങളില്‍ നിന്നും ഇറക്കി വിട്ടത്. ചിലര്‍ ആക്രമണത്തിനും ഇരയായി. ഛണ്ഡിഗഡിലെ ചിത്കാര സര്‍വകലാശാലയില്‍ സൈന്യത്തെ അപമാനിച്ചെന്ന പരാതിയില്‍ ഒരു വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മറ്റുളള വിദ്യാര്‍ത്ഥികളും ഭീതിയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ