കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സംഭവമുണ്ടായി 24 മണിക്കൂര്‍ തികയും മുമ്പു തന്നെ പാക്കിസ്ഥാന് നല്‍കിയിരുന്ന അഭിമത രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്. പാക്കിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിത്.
വാസ്തവത്തില്‍ പാക്കിസ്ഥാന്‍ ഇപ്പോഴും പൂര്‍ണമായും ഇന്ത്യയ്ക്ക് എംഎഫ്എന്‍ പദവി നല്‍കിയിട്ടില്ല. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഇറക്കുമതി ഇവിടുന്ന് അങ്ങോട്ടുള്ളതിന്റെ നാലില്‍ ഒന്നുമാത്രമാണ്.
എന്താണ് അഭിമത രാഷ്ട്ര പദവി?
ഗാട്ട് നിയമം ആര്‍ട്ടിക്കിള്‍ ഒന്ന് (GATT, 1994) പ്രകാരം എല്ലാ ഡബ്ല്യുടിഒ രാജ്യങ്ങളും മറ്റ് അംഗങ്ങള്‍ക്ക് എംഎഫ്എന്‍ പദവി നല്‍കണം. അതിനാല്‍ പാക്കിസ്ഥാന്‍ അടക്കമുള്ള എല്ലാ ഡബ്ല്യുടിഒ അംഗങ്ങള്‍ക്കും ഇന്ത്യ എംഎഫ്എന്‍ പദവി നല്‍കിയിട്ടുണ്ട്. ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ട്രേഡ് നിയമങ്ങള്‍ പരിശോധിക്കുകയും കൈകാര്യം ചെയ്യുകയും ചെയുന്ന ഓര്‍ഗനൈസേഷനാണ് ഡബ്ല്യുടിഒ. 164 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. ലോകത്തെ ആകെ ്‌ട്രേഡിന്റെ 98 ശതമാനം വരും ഇത്.
എല്ലാ അംഗങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ചരക്ക് കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള സൗകര്യം ഒരുക്കുകയാണ് ഡബ്ല്യുടിഒയുടെ പ്രാഥമിക ധര്‍മ്മം. അഭിമത രാഷ്ട്രം എന്നതു കൊണ്ട് ലക്ഷ്യമാക്കുന്നത് വിവേചനങ്ങളില്ലാതാക്കുക എന്നതാണ്. എല്ലാവരേയും ഒരേപോലെ സമീപിക്കുക. അങ്ങനെയാകുമ്പോള്‍ എല്ലാ ഡബ്ല്യുടിഒ രാഷ്ട്രങ്ങളും അഭിമത രാഷ്ട്രമാകും.
പാക്കിസ്ഥാന് ഇന്ത്യ എംഎഫ്എന്‍ പദവി നല്‍കുന്നത് 1996 ലാണ്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതുവരേയും ആ പദവി ഇന്ത്യക്ക് പൂര്‍ണമായും നല്‍കിയിട്ടില്ല. 1209 ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യാന്‍ അനുമതിയില്ല. കൂടാതെ വാഗാ ബോര്‍ഡറിലൂടെ 138 ഉത്പന്നങ്ങള്‍ മാത്രമേ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി നടത്താനാകൂ.
ഇന്ത്യയ്ക്ക് എംഎഫ്എന്‍ പദവി നല്‍കലും വിവാദവും
നേരത്തെ, 2011 നവംബര്‍ രണ്ടിന് പാക്കിസ്ഥാന്‍ മന്ത്രിസഭ ഇന്ത്യക്ക് എംഎഫ്എന്‍ പദവി നല്‍കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ അത് ഇതുവരെ നടപ്പിലായിട്ടില്ല. 2012 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ പാടില്ലാത്ത 1209 വസ്തുക്കളുടെ നെഗറ്റീവ് ലിസ്റ്റിന് പകരം ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാവുന്ന 1950 വസ്തുക്കളുടെ പോസിറ്റീവ് ലിസ്റ്റ് പാക്കിസ്ഥാന്‍ അവതരിപ്പിച്ചു. അപ്പോഴും ഇത് എംഎഫ്എന്‍ പദവി പ്രകാരമുള്ള പൂര്‍ണമായുള്ള നടപ്പിലാക്കലല്ല.
ഈ വിവേചനം ഇന്ത്യയില്‍ നിന്നും പല പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. രണ്ട് രാഷ്ട്രങ്ങള്‍ക്കുമിടയിലെ നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോഴും പാക് സ്‌പോണ്‍സര്‍ഷിപ്പില്‍ ഇന്ത്യയില്‍ ഭീകരവാദം നടക്കുമ്പോഴും ഈ പദവി എടുത്തു കളയുമെന്ന് ഇന്ത്യ ഭീഷണി മുഴക്കാറുണ്ട്. എന്നാല്‍ ആ തീരുമാനം ഇതുവരേയും കൈക്കൊണ്ടിരുന്നില്ലെന്ന് മാത്രം. 2018 ഡിസംബര്‍ 19 ന് കേന്ദ്ര വാണിജ്യ മന്ത്രി ഇത് രാജ്യ സഭയെ അറിയിച്ചിട്ടുമുണ്ട്.
Read Also: പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ; അഭിമത രാഷ്ട്രപദവി പിന്‍വലിച്ചു
ഇന്ത്യാ-പാക് വ്യാപാരം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാരം ചെറിയ തോതില്‍ മാത്രമാണ്. 2000 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വട്ടം ചെറിയ കുതിപ്പുണ്ടായത് ഒഴിച്ച്. പിന്നീട് വന്ന ഒരു പതിറ്റാണ്ട് കാര്യമായ പുരോഗതിയുണ്ടായില്ല. 2017-18 വര്‍ഷത്തില്‍ 2.41 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്നത്. 2016-17ല്‍ ഇത് 488.5 മില്യണ്‍ മാത്രമായിരുന്നു. തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, പച്ചക്കറികള്‍, അയേണ്‍, സ്റ്റീല്‍ തുടങ്ങിയവയാണ് ഇന്ത്യ പാകിസ്താനിലേക്ക പ്രധാനമായും കയറ്റി അയക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ കയറ്റുമതിയേക്കാള്‍ കൂടുതലാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി.
ഇരുരാജ്യങ്ങളും തങ്ങളുടെ പരസ്പരം സഹകരിക്കുകയാണെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന കച്ചവടം 11.7 ബില്യണിന്റേതാകുമെന്ന് 2007 ല്‍ പഠനം പറഞ്ഞിരുന്നു. എന്നാല്‍ 2017 ല്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും ഉണ്ടായ കച്ചവടം വെറും 2.29 ബില്യണിന്റേത് മാത്രമാണ്. ഇന്ത്യയുടെ ആകെ ട്രേഡിന്റെ 0.35 ശതമാനം മാത്രമാണിത്.
നേരത്തെ 2012 ല്‍ ഇരു രാജ്യങ്ങള്‍ക്കിടയിലേയും കച്ചവടം മെച്ചപ്പെടുത്താന്‍ പുതിയ റോഡ് മാര്‍ഗ്ഗം വരെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ വിമുഖത അത് മുന്നോട്ട് പോകുന്നതില്‍ നിന്നും തടഞ്ഞു. വാഗ ബോര്‍ഡറിലൂടെയുള്ള ഇറക്കുമതിയില്‍ ഇളവ് വരുത്താന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നില്ല. പിന്നീടും പല ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല.
പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ ഇന്ത്യയുമായുള്ള കച്ചവട ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പലപ്പോഴും പറയുന്നുണ്ട്. ചര്‍ച്ചയിലൂടേയും കച്ചവടത്തിലൂടേയും മാത്രമേ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ പട്ടിണിയും കഷ്ടതയും മാറ്റാനാകുകയുള്ളുവെന്നാണ് അദ്ദഹത്തിന്റെ വാദം.
പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര പദവി പിന്‍വലിക്കാനുള്ള നീക്കം
ധനകാര്യ മന്ത്രിയായി വീണ്ടും ചാര്‍ജ് എടുത്തതിന് ശേഷം അരുണ്‍ ജെയ്റ്റ്‌ലി ആദ്യം നടത്തിയ പത്ര സമ്മേളനത്തിലാണ് തീരുമാനം അറിയിക്കുന്നത്. ഈ തീരുമാനം പാക്കിസ്ഥാനെ നയതന്ത്രപരമായും വ്യാവസായികമായും ഒറ്റപ്പെടുത്തുന്നതാണ്. ചെറുതാണെങ്കിലും ഇന്ത്യയില്‍ നിന്നുമുള്ള ഇറക്കുമതി ഇല്ലാതാകുമ്പോള്‍ പാക്കിസ്ഥാനിലെ കെമിക്കലുകളുടേയും കോട്ടനിന്റേയും നിര്‍മ്മാണ ചെലവ് വര്‍ര്‍ധക്കപ്പിക്കും.