വാഷിങ്ടണ്‍: നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന പുല്‍വാമ ഭീകരാക്രമണം ദാരുണമായ സാഹചര്യമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവിലുണ്ടായ ചാവേര്‍ ആക്രമണം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഇരു ദക്ഷിണേന്ത്യന്‍ രാജ്യങ്ങളും പരസ്പരം യോജിപ്പിലെത്തുകയാണെങ്കില്‍ അത് വളരെ അത്ഭുതകരമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ കണ്ടു. അതേക്കുറിച്ച് എനിക്ക് നിരവധി റിപ്പോര്‍ട്ടുകളും ലഭിച്ചു. ഉചിതമായ സമയത്ത് അതേക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കും. ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം സഹകരിക്കാന്‍ തയാറായാല്‍ അത് അത്ഭുതകരമായിരിക്കും,’ ട്രംപ് പറഞ്ഞു.

ഉപ വക്താവ് റോബേര്‍ട്ട് പല്ലാഡിനോ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിക്കുന്നതായും ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ പങ്കുള്ളവരെയെല്ലാം ശിക്ഷിക്കണെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നതായും പ്രസ്താവനയിറക്കി.

“ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കാനും ഇതിന്റെ ഉത്തരവാദികൾക്ക് തക്കതായ ശിക്ഷ നൽകാനും പാക്കിസ്ഥാനോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” പല്ലാഡിനോ പറഞ്ഞു. ആക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ