ശ്രീനഗർ: പുൽവാമ ഭീകരാക്രമണം നടന്ന് 100 മണിക്കൂറിനകം കശ്‌മീർ താഴ്‌വരയിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് ലഫ്. ജനറൽ കെ.എസ്.ധില്ലൻ. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെയെല്ലാം സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ രണ്ടു പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ജെയ്ഷെ മുഹമ്മദ് പ്രവർത്തിക്കുന്നത്. ഫെബ്രുവരി 14 ലെ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിനൊപ്പം ഐഎസ് ഭീകര സംഘടനയ്ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തോക്ക് കൈയ്യിലെടുക്കരുതെന്ന് താഴ്‌വരയിലെ അമ്മമാർ മക്കളോട് പറയണമെന്നും ലഫ്. ജനറൽ ആവശ്യപ്പെട്ടു. കശ്‌മീരിൽ തോക്ക് കൈയ്യിലെടുക്കുന്നവരെല്ലാം മരിക്കും. അല്ലെങ്കിൽ അവർ കീഴടങ്ങണം. കശ്‌മീരിലെ എല്ലാ അമ്മമാർക്കുമുളള സന്ദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

പുൽവാമയിൽ ഫെബ്രുവരി 14 നുണ്ടായ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ 17 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ജെയ്ഷെ മുഹമ്മദിന്റെ മൂന്നു തലവാന്മാരെയും ഇന്ത്യൻ സൈന്യം വധിച്ചു.

ജെയ്ഷെ മുഹമ്മദിന്റെ കശ്‌മീർ താഴ്‌വരയിലെ കമാൻഡർ കമ്രാൻ ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. ഇയാൾ പാക്കിസ്ഥാൻ സ്വദേശിയാണ്. പുൽവാമയിൽ ചാവേറാക്രമണത്തിനുളള പദ്ധതി തയാറാക്കിയത് ഇയാളെന്നാണ് കരുതുന്നത്. പാക്കിസ്ഥാൻ സ്വദേശിയായ റാഷിദ്, കശ്‌മീർ സ്വദേശിയായ ഹിലാൽ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook