ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും പാക്കിസ്ഥാനും തമ്മിലുള്ള ഒത്തുകളിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ ബി.കെ.ഹരിപ്രസാദ്. ആക്രമണത്തെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ഹരിപ്രസാദിന്റെ പരാമര്‍ശം.

‘സര്‍ക്കാരിലെ ബിജെപിക്കാര്‍ക്ക് മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും, കേരള ഹൗസില്‍ നിന്നുമെല്ലാം ബീഫ് കണ്ടെത്താന്‍ സാധിക്കുമ്പോള്‍ എങ്ങനെയാണ് കശ്മീരിലെ ഏറ്റവും സുരക്ഷിതമേഖലയായ ദേശീയ പാതയിലൂടെ 350 ഗ്രാം സ്‌ഫോടവസ്തുക്കള്‍ കടത്തിയത്? അത് കടത്തുന്ന സമയത്ത് എന്തുകൊണ്ട് കണ്ടെത്താന്‍ സാധിച്ചില്ല? എന്താണ് അത് അര്‍ത്ഥമാക്കുന്നത്?,’ അദ്ദേഹം ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

‘സ്‌ഫോടക വസ്തുക്കള്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നത്. അത് പോകുന്നത് ഇന്ത്യയിലേക്കാണെന്ന് പാക്കിസ്ഥാന് അറിയാമായിരുന്നു. ഇന്ത്യയുടെ ഇന്റലിജന്‍സ് വകുപ്പിന് അറിയാമായിരുന്നു അത് വന്നിട്ടുണ്ടെന്ന്. പിന്നെ എന്തുകൊണ്ടാണ് യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത്? രണ്ടുപേരും അത് രഹസ്യമാക്കി വച്ചു. അത് ഒത്തുകളിയാണെന്ന് സ്വാഭാവികമായും തോന്നാം. ഒന്നുകില്‍ സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത് അറിയുമ്പോള്‍ പാക്കിസ്ഥാന്‍ നടപടി എടുക്കണമായിരുന്നു. അല്ലെങ്കില്‍ അത് കശ്മീരില്‍ എത്തി എന്നറിഞ്ഞപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമായിരുന്നു. രണ്ടുപേരും ഒന്നും ചെയ്തില്ല എന്നതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്. ഇത് ഒത്തുകളിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായി നടത്തിയ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി ഇന്ത്യന്‍ വ്യോമസേനയെയോ സുപ്രീം കോടതിയെയോ വിശ്വസിക്കുന്നില്ല എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ വിമര്‍ശനം. റഫാല്‍ കരാറില്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് പുറകെയായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook